പന്നിയങ്കര ടോള്‍പ്ലാസയില്‍ ട്രാക്കില്‍ കാര്‍ നിര്‍ത്തിയിട്ട് പഞ്ചായത്ത് മെംബറുടെ പ്രതിഷേധം

വടക്കഞ്ചേരി : എംപിയും എംഎല്‍എമാരും എഡിഎമ്മും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത സർവകക്ഷിയോഗ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി പന്നിയങ്കര ടോള്‍പ്ലാസയില്‍ ടോള്‍കമ്പനി നടത്തുന്ന തോന്ന്യാസങ്ങള്‍ക്കെതിരെ പഞ്ചായത്ത് മെംബർ വാഹനം ട്രാക്കില്‍ നിർത്തിയിട്ട് പ്രതിഷേധിച്ചു. പ്രദേശവാസി കൂടിയായ വടക്കഞ്ചേരി പഞ്ചായത്ത് മെംബർ മംഗലം സ്വദേശി സതീശനാണ് കാർ ട്രാക്കില്‍ നിർത്തിയിട്ട് പ്രതിഷേധിച്ചത്.സതീശന്‍റെ കാർ കടന്നുപോകുമ്പോള്‍ ടോള്‍ ചുമത്തിയതാണ് വാക്ക് തർക്കത്തിനും പെട്ടെന്നുള്ള പ്രതിഷേധത്തിനും വഴിവച്ചത്. പ്രദേശവാസികളുടെ ടോള്‍ സൗജന്യത്തിനുള്ള അപേക്ഷ സ്വീകരിക്കാതെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഫാസ്ടാഗ് വഴിയും വാഹന നമ്പറും റീഡ് ചെയ്ത് ടോള്‍ ഈടാക്കുകയാണ് ടോള്‍ കമ്പനി ചെയ്യുന്നത്.പ്രതിഷേധിക്കുന്നവരില്‍ നിന്നും സൗജന്യ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ഈടാക്കുന്ന തുക തിരിച്ചു കൊടുക്കുകയും ചെയ്യുന്ന തന്ത്രമാണ് ടോള്‍കമ്പനി സ്വീകരിക്കുന്നതെന്ന് മെംബർ സതീശൻ പറഞ്ഞു. ഇത് ശരിയായ നടപടിയല്ല. സർവകക്ഷി യോഗത്തില്‍ പ്രദേശവാസികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും ഏത് സമയത്തും അപേക്ഷ നല്‍കി സൗജന്യപാസിന് അർഹതയുണ്ടെന്നുമാണ് സർവകക്ഷി യോഗ തീരുമാനം. ഇത് അട്ടിമറിക്കുന്ന സമീപനം തുടർന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇല്യാസ് പടിഞ്ഞാറെകളം, സ്ഥലത്തെ പഞ്ചായത്ത് മെംബർ അമ്പിളി മോഹൻദാസ് എന്നിവരുമെത്തി ടോള്‍ കമ്പനി അധികൃതരുമായി ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. മെംബർ സതീശന്‍റെ കാറിന് ചുമത്തിയ ടോള്‍തുക തിരിച്ചുകൊടുത്ത് പ്രശ്നം തത്കാലം ഒഴിവാക്കി.