മുടപ്പല്ലൂർ : കുടിവെള്ള പദ്ധതി പ്രവർത്തിക്കുന്ന മംഗലംപുഴയുടെ നീർച്ചാലായ കരിപ്പാലി പുഴയിലും ഇവിടുത്തെ റോഡിലും നാട്ടിലെ മാലിന്യങ്ങളെല്ലാം തള്ളാനുള്ള കേന്ദ്രമായി മാറുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെ ഈ റോഡിന്‍റെ രണ്ടുവശത്തും പുഴയിലുമാണ് തള്ളുന്നത്. ദുർഗന്ധം വമിച്ച് വഴിനടക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍. വെള്ളമില്ലാത്ത കരിപ്പാലി പുഴയിലാണ് മാലിന്യ ചാക്കുകള്‍ കൂടുതലും നിറയുന്നത്. മഴ ശക്തിപ്പെടുന്നതോടെ മാലിന്യചാക്കുകളെല്ലാം ഒഴുകിനടക്കും. പാലത്തില്‍ വാഹനംനിർത്തി പുഴയിലേക്ക് മാലിന്യം തള്ളുകയാണ്. അതിരാവിലെ കരിപ്പാലി പാലത്തിലാണ് പച്ചമത്സ്യങ്ങളുടെ മൊത്തവില്പന നടക്കുന്നത്. ചെറുകിട മത്സ്യവില്പനക്കാരെല്ലാം ഇവിടെയെത്തിയാണ് മത്സ്യംവാങ്ങി വില്പനക്കു പോവുക. അഴുക്കുവെള്ളം റോഡിലൂടെ ഒഴുക്കും. കേടുവന്ന മത്സ്യം മുഴുവൻ പുഴയിലേക്കും വലിച്ചെറിയും. മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളും മറ്റുസ്ഥാപനങ്ങളുമുള്ള റോഡാണിത്. ഈ മാലിന്യ വഴിയിലൂടെ വേണം കുട്ടികള്‍ക്ക് ഇനി സ്കൂളിലെത്താൻ. തീറ്റ സമൃദ്ധമായതിനാല്‍ നായ്കൂട്ടങ്ങളും പന്നിക്കൂട്ടങ്ങളും ഇവിടെ നിറയുകയാണ്. ഇവയെല്ലാം റോഡിനുകുറുകെപാഞ്ഞ് വാഹനയാത്രികർ അപകടത്തില്‍പ്പെടുന്നതും കുറവല്ല. മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നിന്നും കരിപ്പാലി പാലം മുതല്‍ നൂറുമീറ്ററോളം ദൂരം ആളൊഴിഞ്ഞ പ്രദേശമാണ്. ഇതാണ് മാലിന്യം തള്ളുന്നവർക്കു സൗകര്യമാകുന്നത്. രാത്രിയില്‍ ഇവിടെ വെളിച്ച സംവിധാനവുമില്ല. പ്രായമായി അവശതയുള്ള വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നതും ഇവിടെയാണിപ്പോള്‍. മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും വിലകല്പിക്കുന്നില്ല. നേരത്തെ കരിപ്പാലി പാലത്തിനടുത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറ സ്ഥാപിച്ചിരുന്നു. ഇതും പ്രവർത്തിക്കുന്നില്ല.ഇവിടെ കാമറകള്‍ പുനഃസ്ഥാപിക്കണം, പാലത്തിലുള്ള മത്സ്യവില്പന നിരോധിക്കണം, തെരുവുവിളക്കുകള്‍ സ്ഥാപിക്കണം എന്നീ ആവശ്യങ്ങളാണ് പൊതുജനം ഉന്നയിക്കുന്നത്.

Similar News
കണ്ണമ്പ്രയിലെ വീടുകളിൽ എത്തുന്നത് മലിനജലം:പകർച്ച വ്യാധി പേടിയിൽ ജനങ്ങൾ
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പത്ത് കിലോമീറ്ററിനുള്ളിൽ ഒൻപതിടത്ത് മണ്ണിടിച്ചിൽ ഭീഷണി
പന്നിയങ്കര ടോള്‍പ്ലാസയില്‍ ട്രാക്കില്‍ കാര്‍ നിര്‍ത്തിയിട്ട് പഞ്ചായത്ത് മെംബറുടെ പ്രതിഷേധം