വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പത്ത് കിലോമീറ്ററിനുള്ളിൽ ഒൻപതിടത്ത് മണ്ണിടിച്ചിൽ ഭീഷണി

വടക്കഞ്ചേരി : ദേശീയപാതയിൽ മേൽപ്പാത നിർമാണത്തെത്തുടർന്ന് കുരുക്കിൽക്കുടുങ്ങിയുള്ള യാത്രയ്ക്കിടെ മണ്ണിടിച്ചിൽ സാധ്യതയും ഭീഷണിയാകുന്നു.വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി-വാണിയമ്പാറ റോഡിൽ 10 കിലോമീറ്ററിനിടെ ഒൻപത് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി. കഴിഞ്ഞ മഴക്കാലത്ത് മൂന്നിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതാണ്. റോഡിലേക്ക് വീണ മണ്ണ് മാറ്റിയതല്ലാതെ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിട്ടില്ല. ഇത്തവണ കാലവർഷം കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ ശേഷിക്കുന്ന ഭാഗം ഇടിഞ്ഞുവീണേക്കുമെന്ന ആശങ്കയുണ്ട്. ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കരാർ കമ്പനിക്കാണ് റോഡിന്റെ പരിപാലനച്ചുമതലയെങ്കിലും മണ്ണിടിച്ചിൽ തടയാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊരുക്കേണ്ടത് തങ്ങളല്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായാണ് റോഡിരികിൽനിന്ന് മണ്ണെടുത്തത്. കുത്തനെ നിൽക്കുന്ന ഭാഗങ്ങൾ തട്ടുകളാക്കിയും സംരക്ഷണഭിത്തി നിർമിച്ചും റോഡ് നിർമാണ കരാറുകാരാണ് സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. റോഡ് നിർമാണം പൂർത്തിയാകും മുൻപ് സുരക്ഷാ ക്രമീകരണമൊരുക്കുമെന്ന് വാഗ്ദാനം നൽകിയല്ലാതെ നടപടികളുണ്ടായില്ല. റോഡിലെ കുരുക്കിനും മണ്ണിടിച്ചിൽ ഭീഷണിക്കും പരിഹാരമാകുംവരെ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പട്ടിക്കാട് കല്ലിടുക്കിലെ മേൽപ്പാത നിർമാണത്തെത്തുടർന്ന് തിങ്കളാഴ്ച ഒൻപതു മണിക്കൂറാണ് ഗതാഗതക്കുരുക്കുണ്ടായത്.