വടക്കഞ്ചേരി : കണ്ണമ്പ്ര പഞ്ചായത്തിലെ സമഗ്ര ശുദ്ധജല പദ്ധതി വഴി കിട്ടുന്നത് മലിനജലമെന്നു പരാതി. ജല അതോറിറ്റി 2.23 കോടി രൂപ ചെലവിട്ട് കണ്ണമ്പ്ര പഞ്ചായത്തിൽ നടപ്പിലാക്കിയ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈനുകളിൽ നിന്നാണ് മലിനജലം എത്തുന്നതെന്ന് പ്രദേശത്തുകാർ പറഞ്ഞു. മംഗലംപുഴയിൽ മഞ്ഞപ്ര ചിറ കടാംപാടം ഭാഗത്ത് തടയണയും കിണറും നിർമിച്ച് വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ടെങ്കിലും ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി.തടയണയിൽ നിർമിച്ച കിണറും കിണറിനുള്ളിൽ സ്‌ഥാപിച്ചിരിക്കുന്ന ശുദ്ധീകരണ സംവിധാനവും ജലശുദ്ധീകരണശാലയും ഇവിടെയുണ്ട്. എന്നാൽ ഇവ ശരിയായി പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുളിങ്കുട്ടം വാരുകുന്നിൽ രണ്ട് ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നു കണ്ണമ്പ്ര പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒന്നര ലക്ഷം ലീറ്റർ സംഭര ണശേഷിയുള്ള ടാങ്കിൽ നിന്നുമാണ് ശുദ്ധജല വിതരണം നടത്തുന്നത്. ജലം കലങ്ങി മറിഞ്ഞാണ് വരുന്നതെന്ന് വീട്ടമ്മമാർ പറഞ്ഞുപുഴയിലെ തടയിണകളിൽ ചെളി കലർന്ന ജലം കെട്ടി കിടക്കുന്നുണ്ട്. ഫിൽറ്റർ പ്ലാന്റിൽ നിന്നുള്ള ശുദ്ധജലം മലിനമാകുന്നത് ഇവ നേരായി പ്രവർത്തിക്കാത്തതിനാൽ ആണെന്നും ഇത് സംബന്ധിച്ച് പരിശോധന നടത്തണമെന്നും പ്രദേശവാസിയായ കൃഷ്ണദാസ് പേരലിക്കളം പറഞ്ഞു. പുഴയിൽ മാലിന്യം ഉള്ളതിനാൽ മലിനജലം കുടിച്ചാൽ പകർച്ച വ്യാധി പിടിപെടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതു സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിലും ജല അതോറിറ്റിയിലും പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന ആക്ഷേപവും ശക്തമാണ്.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പത്ത് കിലോമീറ്ററിനുള്ളിൽ ഒൻപതിടത്ത് മണ്ണിടിച്ചിൽ ഭീഷണി
കരിപ്പാലി പുഴയും റോഡും മാലിന്യനിക്ഷേപകേന്ദ്രം
പന്നിയങ്കര ടോള്‍പ്ലാസയില്‍ ട്രാക്കില്‍ കാര്‍ നിര്‍ത്തിയിട്ട് പഞ്ചായത്ത് മെംബറുടെ പ്രതിഷേധം