കുടിവെള്ളം മുടങ്ങി ആറുദിവസം; പ്രദേശവാസികള്‍ ദുരിതത്തില്‍

നെന്മാറ: പഞ്ചായത്തിലെ കണിമംഗലം, വീനസ്, കണിമംഗലം ഗ്രാമം, കൽമുക്ക്, പുഴക്കൽതറ, കൈപ്പഞ്ചേരി ഭാഗങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങി. നെന്മാറ-ഒലിപ്പാറ റോഡ് നവീകരണത്തിന്‍റെ ഭാഗമായി കണിമംഗലം, വീനസ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളില്‍ റോഡിന്‍റെ കയറ്റം കുറയ്ക്കാൻ ഉപരിതലം നിലവിലെ റോഡ് നിരപ്പില്‍ നിന്ന് രണ്ടടി മുതല്‍ ഒന്നര മീറ്റർ വരെ മണ്ണുമാറ്റി താഴ്ത്തിയതോടെയാണ് നിലവിലുള്ള കുഴലുകള്‍ റോഡ് നിരപ്പിന് മുകളില്‍ എത്തുകയും പൈപ്പുകള്‍ പൊട്ടുകയും ചെയ്തത്. ഇതോടെയാണ് പ്രദേശത്തെ കുടിവെള്ളവിതരണവും തടസപ്പെട്ടത്.കണിമംഗലം മേഖലയിലേക്ക് കഴിഞ്ഞ ആറ് ദിവസമായി കുടിവെള്ളവിതരണം മുടങ്ങി. പ്രദേശത്തെ മൂന്നു വാർഡുകളിലായി 2500 ലേറെ കുടുംബങ്ങളുടെ കുടിവെള്ളവിതരണം പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയായതോടെയാണ് മുടങ്ങിയത്. പലർക്കും സ്വന്തമായി കിണറോ മറ്റ് വെള്ള സ്രോതസുകളോ ഇല്ലാത്തതിനാല്‍ പലരും വെള്ളക്ഷാമത്തെ തുടർന്ന് ബന്ധുവീടുകളിലേക്കും മറ്റും താമസംമാറി.ജല അഥോറിറ്റിയുടെ പൈപ്പുകള്‍ ആണെന്നും അത് പൊതുമരാമത്ത് മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ലെന്നുമുള്ള തർക്കത്തിനെ തുടർന്ന് മൂന്നുദിവസം ജല അഥോറിറ്റിയും പിഡബ്ല്യുഡിയും പരസ്പരം പഴിചാരി പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച്‌ ദുരിതത്തിലാക്കി. കെ. ബാബു എംഎല്‍എ സ്ഥലത്തെത്തി ഇരു വകുപ്പ് എൻജിനീയർമാരുമായി ചർച്ചചെയ്ത് കണിമംഗലത്ത് ഒരു താത്കാലിക പൊതുടാപ്പ് സ്ഥാപിച്ചുനല്‍കി.ജലഅഥോറിറ്റി പൈപ്പ് നല്‍കിയാല്‍ സ്ഥാപിച്ചുതരാമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരനും ചർച്ചയിലൂടെ സമ്മതിച്ചതോടെയാണ് പൊട്ടിയ പൈപ്പുകള്‍ക്ക് പകരം പുതിയവ ആഴത്തില്‍ മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. ഇന്നലെ കണിമംഗലം മുതല്‍ വീനസ് ജംഗ്ഷന് താഴെ ഏന്തൻപാത വരെ 150 ഓളം മീറ്റർ നീളത്തില്‍ പുതിയ നാലിഞ്ച് വലിപ്പമുള്ള പൈപ്പുകള്‍ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ ചാലുകീറി പൈപ്പുകള്‍ സ്ഥാപിക്കാൻ നടപടി തുടങ്ങി.റോഡിന് ഒരുവശത്ത് ചാലുകീറിയതോടെ മറുവശത്തേക്ക് റോഡ് മുറിച്ചുകടക്കുന്ന പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ട സ്ഥിതി സംജാതമായി. ഇതോടെ കഴിഞ്ഞദിവസം താത്കാലികമായി കുടിവെള്ളം ലഭിച്ച മേഖലകളിലും വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുടിവെള്ളവിതരണം പൂർണമായും നിലച്ചു.ഇന്നും നാളേയുമായി ഭാഗികമായി കുടിവെള്ളവിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന് ജലവിതരണ കുഴല്‍ സ്ഥാപിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു. ജലവിതരണകുഴലുകള്‍ സ്ഥാപിക്കാൻ റോഡ് മുറിച്ച്‌ ചാലു കീറിയതോടെ കണിമംഗലം, വീനസ് ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഗതാഗതം ഇന്നലെ രാവിലെമുതല്‍ തടസപ്പെട്ടു.