വടക്കഞ്ചേരി : മാനത്തു മഴമേഘങ്ങള്‍ ഉരുണ്ടുകൂടി ഇടിമുഴങ്ങുമ്പോള്‍ അരനൂറ്റാണ്ട് മുൻപുണ്ടായ ഇടിമിന്നലിലെ കൂട്ടക്കുരുതി ഇന്നും കിഴക്കഞ്ചേരി വക്കാല ഹനീഫയുടെ ഓർമയില്‍ ഓടിയെത്തും. ഇടിമിന്നലിന്‍റെ തുളച്ചുകയറുന്ന വെട്ടവും തുടർന്നുണ്ടായ സ്ഫോടനശബ്ദവും ഇന്നും ഹനീഫക്ക് നടുക്കുന്ന ഓർമകളാണ്. മഴക്കോളുകണ്ടാല്‍ വീടിനു പുറത്തു കളിക്കുന്ന പേരക്കുട്ടികളെയെല്ലാം വിളിച്ച് അകത്താക്കും. അന്നത്തെ ബീഭത്സരൂപം വീട്ടുക്കാരോടു പറയാൻപോലും ഇന്നും തനിക്ക് ഭയമാണെന്നു ഹനീഫ പറയുന്നു.1974 ഏപ്രില്‍ 17. അന്ന് 18 വയസായിരുന്നു ഹനീഫക്ക്. മംഗലം ഡാമിലായിരുന്നു അന്നുതാമസം. കൂട്ടുകാർക്കൊപ്പം മംഗലംഡാം കടപ്പാറ കുഞ്ചിയാർപ്പതി മലയില്‍ മൂച്ചിനിരപ്പില്‍ കപ്പ കൃഷിക്ക് തൊഴിലെടുക്കാൻ പോയതായിരുന്നു. 1974 ഏപ്രില്‍ 17ന് പുലർച്ചെ മൂന്നുമണിയായിക്കാണും. ശക്തമായ മിന്നലും ഇടിയുമുണ്ടായി. ഇടിമുഴക്കത്തില്‍ പലരും ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. ഹനീഫയും കൂട്ടുകാരും കിടന്നിരുന്ന ഷെഡിനു മുകളിലെ ഷെഡ് മിന്നലില്‍ തീപിടിച്ച് ആളികത്തുന്നതാണ് ഉറക്കത്തില്‍നിന്നും എഴുന്നേറ്റവർ കണ്ടത്.മറ്റുള്ളവരെയെല്ലാം വിളിച്ച് തീയണക്കാൻ ഓടി. പക്ഷെ, അപ്പോഴെക്കും വലിയ തീഗോളമായി മാറി. വാവിട്ട് നിലവിളിച്ച് നിസഹായരായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. പണിക്കാർ കൂട്ടത്തോടെ അന്തിയുറങ്ങിയിരുന്ന ഷെഡുകളില്‍ ഒന്ന് പൂർണമായി കത്തിനശിച്ചു. മലയില്‍ അടുത്തടുത്ത മൂന്ന് ഷെഡുകളിലായി 150 പേർ ഉണ്ടായിരുന്നെന്നാണ് ഹനീഫ പറയുന്നത്. ഇതില്‍ കത്തി നശിച്ച ഷെഡില്‍ അമ്ബതിലേറെ പേരെങ്കിലും ഉണ്ടാകും. ഏറ്റവും മുകളിലെ ഷെഡാണ് പൂർണമായും കത്തിയത്.ഈ ഷെഡിലെ തൊഴിലാളികളെല്ലാം കൂട്ടത്തോടെ കത്തിക്കരിഞ്ഞു. മരിച്ചവരില്‍ കൂടുതലും 18 വയസിനും 25 വയസിനും ഇടക്കുള്ളവർ. കൂടുതല്‍ പേരും സ്ത്രീകള്‍. 21 പേർ മാത്രമാണ് മരിച്ചതെന്നായിരുന്നു അന്നത്തെ ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ അതിലും ഇരട്ടിയുണ്ടാകും എന്നാണ് ദുരന്തമുഖത്തുണ്ടായിരുന്ന ഹനീഫ പറയുന്നത്.മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിരുന്നില്ല. പല ദേശങ്ങളില്‍ നിന്നുള്ളവർ അന്ന് പണിക്കായി മലയില്‍ എത്തിയിരുന്നു. പരസ്പരം കണ്ടു പരിചയമില്ലാത്തവർ പോലും അന്നുപണിക്കെത്തിയിരുന്നു. ഇന്നത്തേതുപോലെ മൊബൈല്‍ ഫോണോ വാർത്താവിനിമയ സംവിധാനങ്ങളോ അന്നില്ല. സമീപ പ്രദേശത്തൊന്നും ചികി്സാ സംവിധാനങ്ങളില്ല. വാഹനം എത്താവുന്ന റോഡില്ല. പൊള്ളലേറ്റ കുറെപ്പേരെ ലോറിയെത്തിച്ച് അതിലാണ് നാല്പതും അമ്പതും കിലോമീറ്റർ ദൂരെയുള്ള ആശുപത്രികളിലെത്തിച്ചത്.പഴയകാലത്തെ ഓലമേഞ്ഞ സിനിമാ ടാക്കീസ് പോലെയായിരുന്നു മലയിലെ തൊഴിലാളികളുടെ ഷെഡുകള്‍. ഇത്രയും പേർക്ക് ഭക്ഷണം ഒരുക്കാനും അവിടെ സജ്ജീകരണങ്ങളുണ്ടായിരുന്നു.ആഴ്ചകള്‍ കഴിഞ്ഞെ പണിക്കെത്തുന്നവർ മലയിറങ്ങി വീടുകളിലേക്ക് പോകാറുള്ളു. 200 ഏക്കറിലായിരുന്നു അന്ന് കപ്പ കൃഷി നടത്തിയിരുന്നത്. ആന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യവും മലയില്‍ രൂക്ഷമായിരുന്നു.ഇതിനാല്‍ ഷെഡുകള്‍ക്ക് ചുറ്റും തീയിട്ടാണ് രാത്രി കഴിയുക. ഹനീഫയും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന വക്കാലയില്‍ ഹനീഫ സ്വന്തമായി കപ്പ കൃഷി ചെയ്യുന്നുണ്ട്. തന്നെപ്പോലെ അന്നത്തെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഏതാനും പേർ ഇപ്പോഴും മംഗലംഡാമിലുണ്ടെന്നു ഹനീഫ പറഞ്ഞു.വക്കാലയിലെ വീടിനു മുന്നിലെ ഹനീഫയുടെ കപ്പത്തോട്ടത്തില്‍ നിന്നും നോക്കിയാല്‍ അന്ന് ഇടിമിന്നലില്‍ ദുരന്തം വിതച്ച മലനിരപ്പ് വ്യക്തമായി കാണാം. വീട്ടില്‍ നിന്നിറങ്ങി കപ്പ കൃഷിയിത്തിലേക്ക് പോകുമ്ബോഴെല്ലാം ഇന്നും പലതവണ ഹനീഫ കുഞ്ചിയാർപ്പതി മലയിലേക്ക് നോക്കി നില്‍ക്കും.എത്ര വർഷങ്ങള്‍ കടന്നു പോയാലും അന്നത്തെ മഹാദുരന്തം മറക്കാനാകില്ലെന്നു ഹനീഫ പറയുന്നു.

Similar News
മാത്തൂർ തണ്ടലോട് റോഡിൽ യാത്രാദുരിതം: നടപടിയില്ലെന്ന് പരാതി
നെല്ലിയാമ്പതിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു
ആറുവരിപ്പാത നീളെ കുഴികളും അപകടക്കെണിയും