വടക്കഞ്ചേരി : തുടർച്ചയായ മഴയില്‍ വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാത, മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാത ഉള്‍പ്പെടെ റോഡുകളിലെല്ലാം വലിയ കുഴികള്‍ രൂപപ്പെട്ട് തകർന്നു. കാലവർഷം കനക്കും മുൻപേയാണ് റോഡുകളുടെ ഈ ദുരവസ്ഥ ഉണ്ടാകുന്നത്. പന്നിയങ്കര ടോള്‍പ്ലാസയില്‍ വലിയതുക ടോള്‍ കൊടുത്ത് വാഹനങ്ങള്‍ കടന്നുപോകുന്ന വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ എണ്ണാൻപറ്റാത്ത വിധം കുഴികള്‍ പെരുകി.കുഴികള്‍ ചാടിക്കടന്നാണ് വാഹനങ്ങള്‍ പോകുന്നത്. ഇതിനൊപ്പം വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളില്‍ മേല്‍പ്പാല നിർമാണം നടക്കുന്നതിനാല്‍ സർവീസ് റോഡിലൂടെ ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതുമൂലം മണിക്കൂറുകളോളം നീളുന്ന വാഹനകുരുക്കും പതിവായി.ശങ്കരംകണ്ണംതോടിനടുത്ത് ചെമ്മണ്ണാംകുന്നില്‍ പാതയിലേക്ക് മണ്ണൊഴുകിയെത്തുന്ന സ്ഥിതിയുണ്ട്. ഇത് വാഹനങ്ങള്‍ക്ക് വലിയ അപകടഭീഷണിയാവുകയാണ്. മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ മംഗലത്തെ പഴയ വില്ലേജ് ഓഫീസിനടുത്തെ പുതിയ കള്‍വർട്ടിനിരുവശവും വലിയ കുഴികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്തിനു ശേഷമാണ് ഇവിടെ കള്‍വർട്ട് പണിതത്. നിർമാണ അപാകത മൂലം പല തവണ പൊളിച്ച്‌പണിതാണ് വാഹനങ്ങള്‍ക്ക് പോകാൻ ഉറപ്പാക്കിയത്.വീണ്ടും കള്‍വർട്ട് തകരുമോ എന്ന ആശങ്കയുമുണ്ട്. മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിനു മുന്നില്‍ തുടർച്ചയായ കുഴികളാണ്. ഇതെല്ലാം ചാടികടന്ന് വള്ളിയോടും മുടപ്പല്ലൂർ ടൗണിലുമുള്ള വെള്ളക്കെട്ടുകള്‍ താണ്ടികടന്ന് വേണം യാത്ര തുടരാൻ.കോരഞ്ചിറ – വാല്‍ക്കുളമ്പ് – പനംകുറ്റി, പന്തലാം പാടം മലയോരപാത യാത്ര ചെയ്യാനാകാത്ത വിധം തകർന്ന നിലയിലായി. സമാന സ്ഥിതിയാണ് പല പഞ്ചായത്ത് റോഡുകളുടെയും.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.