January 15, 2026

കടുവഭീഷണി: കടപ്പാറ,കടമപ്പുഴ ഭാഗത്തു സ്ഥാപിച്ച കാമറട്രാപ്പുകള്‍ മാറ്റിസ്ഥാപിക്കും

മംഗലംഡാം : കടുവയെ കാണപ്പെട്ടിരുന്ന കടപ്പാറക്കടുത്ത് കടമപ്പുഴ, രണ്ടാംപുഴ ഭാഗത്തെ തോട്ടങ്ങളില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറട്രാപ്പുകള്‍ മാറ്റി സ്ഥാപിക്കും. വച്ചിരിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സഞ്ചാരമൊന്നും കാമറകളില്‍ പതിഞ്ഞിട്ടില്ല. ഇതിനാലാണ് ഇന്നുകൂടി കാത്തിരുന്ന് കാമറകള്‍ ഇതിനടുത്ത് തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു. കാമറ സ്ഥാപിച്ചശേഷം കടുവയെ കണ്ടതായി ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടിടങ്ങളിലായി കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രദേശത്ത് പലതവണ കടുവയെ കണ്ടതിനെ തുടർന്നാണ് മരങ്ങളില്‍ കാമറട്രാപ്പുകള്‍ സ്ഥാപിച്ചത്.