വടക്കഞ്ചേരി : തൃശൂർ – പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് ഒരേസമയം നിർമാണപ്രവൃത്തികള്‍ നടക്കുന്നത് ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ദേശീയപാതയില്‍ ഉണ്ടാകേണ്ട യാത്രാസൗകര്യം പാതയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പന്നിയങ്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിർത്തിവയ്ക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന ദൂരയാത്ര വാഹനങ്ങള്‍ക്കാണ് കുരുക്കുകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൃശൂർ മണ്ണുത്തിയില്‍ നിന്നും പാലക്കാട്ടേക്ക് യാത്ര തുടങ്ങിയാല്‍ 65 കിലോമീറ്റർ വരുന്ന ദേശീയപാതയില്‍ മുടിക്കോടും കല്ലിടുക്കിലും വാണിയംപാറയിലും മേല്‍പ്പാല നിർമാണമാണ്. ഇവിടെയെല്ലാം സർവീസ്റോഡിലൂടെ ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വടക്കഞ്ചേരിവരെയും പലയിടത്തും അറ്റകുറ്റപണികള്‍ നടക്കുന്നുണ്ട്. കുത്തിപ്പൊളിച്ച് സ്ഥിരമായി അറ്റകുറ്റപ്പണി നടക്കുന്ന വടക്കഞ്ചേരി മേല്‍പ്പാലവും കടന്ന് മംഗലത്ത് എത്തിയാലും നിയന്ത്രണമുണ്ട്. ഇവിടെ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചാണ് കുത്തിപ്പൊളിക്കല്‍ തകൃതിയായി നടക്കുന്നത്. പാലത്തിലെ നാല് വലിയ സ്ലാബുകളുടെയും ജോയിന്‍റുകളും കുത്തിപ്പൊളിച്ച് ബലപ്പെടുത്തുന്ന പണികളാണ് നടക്കുന്നത്.ഈ പണികള്‍ പൂർത്തിയായി ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനി ആഴ്ചകളേറെയെടുക്കും. ഇവിടെ തൃശൂർ ലൈനിലൂടെയാണ് വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടുന്നത്. ആലത്തൂർ സ്വാതി ജംഗ്ഷനിലും കുഴല്‍മന്ദത്തുമെല്ലാം നിർമാണപ്രവൃത്തികളുണ്ട്. ഈ വാഹന കുരുക്കുകള്‍ക്കു പുറമെ സിഗ്നലുകളും കടന്നുവേണം ദൂരയാത്രികർക്ക് മുന്നോട്ട് പോകാൻ. പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുമ്പോഴും ഇതേ ദുരിതയാത്ര തന്നെയാണ്. പാതനിർമാണ സമയത്ത് മതിയായ പരിശോധന നടക്കാത്തതിന്‍റെ ദുരിതമാണ് ഇപ്പോള്‍ യാത്രക്കാർ അനുഭവിക്കേണ്ടി വരുന്നത്. ടോള്‍പിരിവ് തുടങ്ങാനുള്ള തിടുക്കത്തില്‍ തോന്നുംമട്ടില്‍ പണികള്‍ നടത്തി പിന്നീട് എല്ലാം തകരുന്ന സ്ഥിതിയായി.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.