കിഴക്കഞ്ചേരി : പനംകുറ്റി പ്രദേശത്ത് സ്ഥിരമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി വിളകള്‍ നശിപ്പിക്കുമ്പോഴും വനംവകുപ്പിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതികരിക്കാതെ ഭരണ -പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികള്‍. ഓരോദിവസവും രാവിലെ തോട്ടങ്ങളില്‍ ചെല്ലുമ്പോള്‍ വേദനിപ്പിക്കുന്ന കാഴ്ചകളാണ് പനംകുറ്റിയിലെ തോട്ടങ്ങളിലെല്ലാം. തെങ്ങുകളെല്ലാം കൂട്ടത്തോടെ തള്ളിയിട്ടാണ് ആനകളുടെ വിളയാട്ടം.നൂറുകണക്കിന് വാഴയുണ്ടായിരുന്ന തോട്ടത്തില്‍ ഇപ്പോള്‍ വാഴ ഇല്ലാതായെന്ന് പനംകുറ്റിയില്‍ സ്ഥിരമായി ആനയെത്തുന്ന തോട്ടത്തിന്‍റെ ഉടമയായ ചെറുനിലം ജോണി പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയും ആനയെത്തി ശേഷിച്ച വാഴകള്‍ കൂടി നശിപ്പിച്ചു.ജാതിമരങ്ങളും കുരുമുളകുകൊടികളും നശിപ്പിച്ചിട്ടുണ്ട്. പകലന്തിയോളം അധ്വാനിച്ചുണ്ടാക്കുന്ന കൃഷിയെല്ലാം രാത്രിയില്‍ ആനകളെത്തി നശിപ്പിക്കും. ഇത് തുടരുകയാണ്. യുദ്ധക്കളം പോലെയാക്കുന്ന കൃഷിയിടത്തിലെ കാഴ്ചകള്‍ കണ്ടുനില്‍ക്കാൻ പോലും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. വനംവകുപ്പിന്‍റെ ഈ അനാസ്ഥയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ രംഗത്ത് വരാത്തതും കർഷകരെ വിഷമിപ്പിക്കുന്നുണ്ട്. തുണയായി നില്‍ക്കേണ്ടവർപോലും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് കർഷകർ പങ്കുവയ്ക്കുന്നത്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.