അയിലൂർ: അയിലമുടി മലയുടെ താഴ്ഭാഗത്തു നിന്നും ഉത്ഭവിക്കുന്ന കാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളില്‍ നാശം. അയിലൂർ പഞ്ചായത്തിലെ നാലാംകൂപ്പ്, കൈതച്ചിറ, പയ്യാങ്കോട് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പയ്യാംകോട്ടിലെ തോട്ടില്‍ എത്തിച്ചേരുന്ന ചോലയാണ് ബണ്ട് പൊട്ടി കൃഷിയിടങ്ങളിലൂടെ പരന്നൊഴുകുന്നത്.
കൈതച്ചിറയില്‍ ബണ്ട് തകർന്ന് കാട്ടുചോലയിലെ വെള്ളം ഏക്കർ കണക്കിന് നെല്‍കൃഷിക്കും റബർ കൃഷിക്കും തെങ്ങ്, കമുക് എന്നീ കൃഷികള്‍ക്കും അഞ്ചോളം വീടുകള്‍ക്കും നാശം സംഭവിക്കുന്ന രീതിയില്‍ വെള്ളം ആഴ്ചകളായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കാട്ടുചോലയ്ക്ക് സമീപമുള്ള മരങ്ങളും പനയും മലവെള്ളപ്പാച്ചിലില്‍ കടപുഴകി വീണു കിടക്കുകയാണ്.
ചില വീടുകള്‍ക്ക് മുന്നിലൂടെ കുത്തിയൊലിച്ച് വീടുകളിലേക്കുള്ള നടവഴി പോലും നഷ്ടമായി. പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചിട്ടും ദിവസങ്ങളായി ഗതിമാറി ഒഴുകുന്ന കാട്ടുചോലയെ പൂർവസ്ഥിതിയില്‍ ഒഴുകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. അധികാരികള്‍ ഇടപെട്ട് ഉടൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.