മംഗലത്ത് അപകട ഭീഷണിയായി ദ്രവിച്ച വൻമരം.

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ പഴയ വില്ലേജ് ഓഫീസിന് എതിർവശത്തു അപകട ഭീഷണിയായി വൻമരം ദ്രവിച്ചു വീഴാറായി നിൽക്കുന്നു. സംസ്ഥാന പാതയിൽ മംഗലം ബസ്സ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ മാത്രം മാറിയാണ് വൻ മരം പടർന്നു പന്തലിച്ചു നിൽക്കുന്നത്. ഇവിടെ വലിയ വളവുമാണ്. മരത്തിനു സമീപം കച്ചവട സ്ഥാപനങ്ങളുമുണ്ട്. എതിർ വശത്തു പെട്രോൾ പമ്പും.

കാലപ്പഴക്കത്താൽ ദ്രവിച്ചു തുടങ്ങിയ മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പിനും, പഞ്ചായത്തിനും, വില്ലേജിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. കാറ്റടിച്ചാൽ പേടിയോടെയാണ് ഇവിടെ കഴിയുന്നതെന്നു സമീപത്തെ കടക്കാർ പറഞ്ഞു.

മരം മുറിച്ചു നീക്കുന്നതിനൊപ്പം തകർന്ന റോഡ് നന്നാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിലെ പാതാളക്കുഴികളിൽ പെട്ട് അപകടങ്ങൾ നിത്യസംഭവമായി. മംഗലം പാലത്തും, വള്ളിയോടും, കരിപ്പാലിയിലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. റോഡിലെ കാഴ്ച മറയ്ക്കുന്ന കാടുകളും വളർന്നു നിൽക്കുന്ന പുല്ലുകളും വെട്ടിക്കളയണമെന്ന ആവശ്യവും ശക്തമാണ്.