2.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

ആലത്തൂർ: തട്ടുകട മറയാക്കി കഞ്ചാവുവില്പന നടത്തുന്ന യുവാവിനെ ആലത്തൂർ പോലീസ് പിടികൂടി. മണ്ണാർക്കാട് നാട്ടുകൽ ചെത്തല്ലൂരിൽ യാസിൻ സാജറിനെയാണ് (33) പിടികൂടിയത്. ഇയാളിൽനിന്ന് 2.3 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

മേലാർകോട് കല്ലമ്പാട്ട് തട്ടുകട മറയാക്കി കഞ്ചാവുവില്പന നടത്തുന്നതിനായി ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശിയുടെ കൂടെ വാടകയ്ക്ക് താമസിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ മണ്ണാർക്കാട്, നാട്ടുകൽ, പെരിന്തൽമണ്ണ, വാളയാർ, ഷൊർണൂർ, ചെന്നൈ, ബെംഗളുരു പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുണ്ട്.

കാപ്പ നിയമ പ്രകാരം ആറുമാസം ശിക്ഷ കാലാവധി കഴിഞ്ഞ് മേയ് മാസമാണ് പുറത്തിറങ്ങിയത്. ലഹരിവിരുദ്ധ സ്ക്വാഡും ആലത്തൂർ പോലീസും ചേർന്നാണ് പിടികൂടിയത്. സിഐ ടി.എൻ. ഉണ്ണിക്കൃഷ്‌ണൻ, എസ്ഐ വിവേക് നാരായണൻ, സുജിത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, ലതിക, ലൈജു, ദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.