പൊത്തപ്പാറയിലെ കവര്‍ച്ചയ്ക്ക്‌ പിന്നില്‍ വീടിനെക്കുറിച്ച്‌ അറിയുന്നവരെന്ന് സംശയം.

വടക്കഞ്ചേരി: പൊത്തപ്പാറ വെട്ടിക്കല്‍കുളമ്പില്‍ വീടിന്‍റെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകടന്നു വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിനുപിന്നില്‍ വീട്ടുകാരെക്കുറിച്ച്‌ വ്യക്തമായി അറിയുന്നവരാണെന്ന് നിഗമനം.

അല്ലാതെയുള്ളവർക്ക് വീട്ടുകാരെക്കുറിച്ചറിഞ്ഞ് മോഷണം നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തല്‍. വളയല്‍ ബാബുവിന്‍റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മോഷ്ടാക്കളുടെ അക്രമവും, കവർച്ചയും നടന്നത്. ടാർ റോഡില്‍ നിന്നും ഒരാള്‍ക്കുമാത്രം നടന്നുപോകാൻ കഴിയുന്ന വഴിയിലൂടെ 50 മീറ്റർ ഉള്ളിലേക്ക് മാറിയാണ് ഈ വീട്.

കുറച്ചുദിവസമായി വീട്ടില്‍ അസമയങ്ങളില്‍ ശബ്ദം കേള്‍ക്കുകയും മറ്റും ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതിയും നല്‍കി. വടികളും മറ്റുമായി വീട്ടുകാരും മുൻകരുതലുമായാണ് രാത്രികളില്‍ കഴിഞ്ഞിരുന്നത്. അപശബ്ദങ്ങളും മറ്റും ശല്യമായപ്പോള്‍ വഴിയിലേക്കുമാത്രമായി ഒരു സിസിടിവി കാമറയും വീടിന്‍റെ ടെറസില്‍ സ്ഥാപിച്ചു.

എന്നാല്‍ കവർച്ച നടന്ന സമയം കാമറ പ്രവർത്തിച്ചില്ല. വടക്കഞ്ചേരിയിലെ പെട്രോള്‍ പമ്പില്‍ ജോലിയുള്ള ബാബു ജോലികഴിഞ്ഞ് രാത്രി വൈകിയാണ് തിരിച്ചെത്തുക. ജോലിയുമായി മക്കളും വീട്ടിലുണ്ടാകാറില്ല. വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.