ഏതുനിമിഷവും നിലംപൊത്താറായ നിലയിൽ മുടപ്പല്ലൂരിലെ കൂറ്റൻ വാട്ടർടാങ്ക്

മുടപ്പല്ലൂർ : മുടപ്പല്ലൂർ ടൗണില്‍ മംഗലംഡാം റോഡില്‍ പെട്രോള്‍ പമ്പിനും വീടുകള്‍ക്കും സമീപം ഏതുനിമിഷവും തകർന്നുവീഴാമെന്ന നിലയില്‍ കൂറ്റൻ വാട്ടർടാങ്ക്. മുപ്പതടിയോളം ഉയരമുള്ള ടാങ്കിന്‍റെ ഒരുഭാഗത്തെ രണ്ടു പില്ലറുകളുടെയും കമ്പികള്‍ തുരുമ്പിച്ച്‌ ദ്രവിച്ച്‌ തകർന്ന നിലയിലാണ്. മറ്റൊരു പില്ലറില്‍ വലിയ വിള്ളലുകളുമുണ്ട്.ഉപയോഗശൂന്യമായ വാട്ടർ ടാങ്കാണിത്. എന്നാല്‍ ഇപ്പോള്‍ മഴ പെയ്ത് ടാങ്കില്‍ നിറയെ വെള്ളമുള്ള സ്ഥിതിയാണ്. മഴ മാറിനില്‍ക്കുമ്പോള്‍ വെള്ളം ചോർന്നൊലിക്കുന്നതും വ്യക്തമായി കാണാം. മഴക്കാലമായതോടെയാണ് ടാങ്കില്‍ വെള്ളംനിറഞ്ഞ് ഭാരം താങ്ങാനാകാതെ പില്ലറുകള്‍ തകരാൻ തുടങ്ങിയിട്ടുള്ളത്.ഏതുനിമിഷവും ഇവിടെ വലിയ ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണെന്നു സമീപവാസികള്‍ പറയുന്നു. ടാങ്കിന്‍റെ ഒരുഭാഗം നിരയായി വീടുകളാണ്.മറ്റൊരുവശത്ത് മംഗലംഡാം റോഡും വേറൊരുവശത്ത് പെട്രോള്‍ പമ്ബുമാണ്. ഇതുകൂടാതെ സമീപത്തു തന്നെ ട്രാൻസ്ഫോർമറുമുണ്ട്. ടാങ്ക് ഏതുഭാഗത്തേക്കു തകർന്നു വീണാലും അപകടം ഒഴിവാകില്ലെന്ന സ്ഥിതിയാണ്. ടാങ്ക് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാർക്കും വാട്ടർ അഥോറിറ്റിക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.പഞ്ചായത്താണ് നടപടിയെടുക്കേണ്ടത് എന്നുപറഞ്ഞ് എല്ലാവരും കൈയൊഴിയുകയാണ്. ഗഫൂർ മുടപ്പല്ലൂരിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വീണ്ടും നാട്ടുകാർ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇനിയും നടപടി വൈകിയാല്‍ ജീവൻ രക്ഷക്കായി സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.