നെന്മാറ ആശുപത്രിയിൽ മുതിർന്നവർക്ക് പ്രത്യേക ഒപി കൗണ്ടർ തുടങ്ങും.

നെന്മാറ: നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന പ്രായമായവർക്ക് ഇനി ഡോക്ടറെ കാണാൻ വരിനിന്ന് തളരേണ്ടിവരില്ല. മുതിർന്ന പൗരന്മാർക്കായി ആശുപത്രിയിൽ പ്രത്യേക ഒപി കൗണ്ടർ ഉടൻ തുടങ്ങും. കൗണ്ടർ തുടങ്ങാൻ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. എത്രയും വേഗം കൗണ്ടർ ആരംഭിക്കണമെന്നാവശ്യപ്പെട്ട്, ഭരണസമിതിയുടെ നിർദേശപ്രകാരം സെക്രട്ടറി കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിന് കത്തും നൽകി.

നെന്മാറ സീനിയർ സിറ്റിസൺസ് ഫോറം സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ്റെ പുതിയ തീരുമാനം. മലയോരമേഖലയിലെയടക്കം നൂറുകണക്കിനാളുകളെത്തുന്ന ആശുപത്രിയാണ് നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം. നെന്മാറ, അയിലൂർ, നെല്ലിയാമ്പതി, പല്ലശ്ശന, എലവഞ്ചേരി പഞ്ചായത്തുകളിലുള്ളവർ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.

മണിക്കൂറുകളോളം ഇരുന്നാണ് പലപ്പോഴും ചികിത്സ തേടുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫോറം പ്രസിഡന്റ് കെ. ഗിരിജാവല്ലഭന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.