November 22, 2025

കരിങ്കുളത്ത് വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം; സ്കൂള്‍ വിട്ട് വന്ന കുട്ടികള്‍ പുറത്ത്.

നെന്മാറ: അയിലൂർ കരിങ്കുളത്തെ സതീഷ്-സജിതകുമാരി ദമ്പതികളുടെ വീടാണ് മണപ്പുറം ഫിനാൻസ് അധികൃതർ ജപ്തി ചെയ്തത്. മണപ്പുറം ഫൈനാൻസിൽ നിന്ന്  ഹൗസിംഗ് ലോൺ എടുത്തത് വായ്പ കുടിശിക മുടങ്ങിയതിനെ തുടർന്ന് ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു.

രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്താണ് മണപ്പുറം ഫൈനാൻസിന്റെ ആളുകൾ ജപ്തി നടപടി സ്വീകരിച്ചത്. ഒമ്പതാം ക്ലാസിലും, ഏഴാം ക്ലാസിലും പഠിക്കുന്ന  കുട്ടികൾ വീട് അടച്ചിട്ടത് കണ്ട് പുറത്ത് നിൽക്കുകയായിരുന്നു.

വിദ്യാർത്ഥികള്‍ വീടിനു പുറത്തു നില്‍ക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതിനെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പൂട്ടുപൊളിച്ച്‌ കുടുംബത്തെ അകത്തുകയറ്റി. ഡിവൈഎഫ്‌ഐ നേതാവായ രാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു വീടിൻറെ പൂട്ടുപൊളിച്ച്‌ കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.