സ്റ്റേഡിയം ബൈപ്പാസിലെ കൊലപാതകം ക്രൂരം; പ്രതി റിമാൻഡിൽ.

പാലക്കാട്‌: സ്റ്റേഡിയം ബൈപ്പാസിൽ ഗുരുതരപരിക്കേറ്റ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്നത് എൺപതിലധികം മർദനമേറ്റ പാടുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ല് തകർന്ന നിലയിലായിരുന്നു. നട്ടെല്ലിനു പൊട്ടലുണ്ടായിരുന്നു. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ചതും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതുമാണ് മരണത്തിനിടയാക്കിയത്. കേസിലെ പ്രതി വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബ്ബയ്യനെ (44) പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബുധനാഴ്‌ച രാത്രി ഒൻപതോടെയാണ് സ്ത്രീയെ സ്റ്റേഡിയം ബൈപ്പാസ് റോഡരികിൽ ഐഎംഎ ജങ്ഷനുസമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും സമീപത്തെ കച്ചവടക്കാരോട് സുബ്ബയ്യൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.

സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ സുബ്ബയ്യനോടൊപ്പം നാട്ടുകാരിൽ ചിലരും ഓട്ടോറിക്ഷയിൽ കയറി. ഈ സമയം സ്ത്രീ അബോധാവസ്ഥയിലായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. നാട്ടുകാർ ഒപ്പമുണ്ടായിരുന്നതിനാൽ സുബ്ബയ്യന് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല.

തുടർന്ന് സൗത്ത് പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ സുബ്ബയ്യൻ ഇവരുടെ പേരുവിവരങ്ങൾ തെറ്റായി പറയുകയും പരസ്‌പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്‌തതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ പേരിൽ ഗാർഹികപീഡനത്തിന് മുമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. വണ്ടിത്താവളം സ്വദേശിയായ ഇയാൾ ഏറെനാളായി പാലക്കാട് നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു.