നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പാളി.

വടക്കഞ്ചേരി: നാടിന്‍റെതന്നെ നാമകരണത്തിന് നിദാനമായ പാറപ്പുറങ്ങള്‍ തകർത്ത് നാടിനെ വികലമാക്കാനുള്ള ക്വാറി മാഫിയയുടെ മൂന്നാമത്തെ നീക്കവും പാളി.

വ്യാജ പരാതികള്‍ നല്‍കി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കേസുകളില്‍ കുടുക്കി സമരം പൊളിക്കാനുള്ള മാഫിയ സംഘത്തിന്‍റെ തന്ത്രമാണ് വീണ്ടും പാളിപ്പോയത്.

പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പൊത്തപ്പാറ, ചക്കുണ്ട് പ്രദേശത്ത് കരിങ്കല്‍ ക്വാറി ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാർ സംഘടിച്ച്‌ പരാജയപ്പെടുത്തിയത്.

പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയവരെ പോലീസ് ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മൂന്നുപേർക്കെതിരെയായിരുന്നു പരാതി.

എന്നാല്‍ മൂന്നുപേരെ വിളിപ്പിച്ചപ്പോള്‍ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെ മുഴുവൻപേരും സ്റ്റേഷനിലെത്തുകയായിരുന്നു. കേസെടുക്കുന്നുണ്ടെങ്കില്‍ പ്രദേശത്തെ മുഴുവൻ പേർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സ്റ്റേഷനില്‍ തടിച്ചുകൂടിയത്.

പഞ്ചായത്ത് അംഗങ്ങളായ എ.ടി. വർഗീസ്കുട്ടി, അമ്ബിളി മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ എത്തിയത്. ജനങ്ങളുടെ പ്രതിഷേധം കണ്ട് സിഐ കെ.പി. ബെന്നി വിഷയത്തില്‍ ഇടപ്പെട്ടു.

പരാതിയില്‍ കേസെടുക്കാനാവില്ലെന്നു പറഞ്ഞ് പോലീസും കൈയൊഴിഞ്ഞതോടെ ജനവാസ മേഖലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള മാഫിയ സംഘങ്ങളുടെ നീക്കങ്ങളെല്ലാം പാളിപോകുന്ന സ്ഥിതിയുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രദേശത്ത് കുന്നിടിക്കുന്നത് വില്ലേജ് അധികൃതർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കി തടഞ്ഞിരുന്നു. ജെസിബി റോഡിനു കുറുകെ നിർത്തി ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു പ്രവൃത്തികള്‍. ഇതേതുടർന്ന് പഞ്ചായത്ത് മെംബർ എ.ടി. വർഗീസ് കുട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാർ സംഘടിച്ച്‌ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയും ജെസിബിയുടെ സഹായത്തോടെ ക്വാറിക്കായി വഴിയൊരുക്കാനുള്ള ശ്രമം നടന്നത് നാട്ടുകാർ തടഞ്ഞിരുന്നു. തൊട്ടടുത്ത് വീടുകളും കൃഷിയിടങ്ങളും ഗ്രാമറോഡുകളുമുള്ള സ്ഥലത്താണ് കരിങ്കല്‍ ക്വാറി തുടങ്ങാൻ നീക്കം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

നിലവിലുള്ള ക്വാറികള്‍ മൂലം ഗ്രാമറോഡുകളെല്ലാം തകർന്ന നിലയിലാണ്. കല്ലുകടത്തു ലോറികളുടെ പാച്ചില്‍ മൂലം ചെറുവാഹനയാത്ര പേടിപ്പെടുത്തും വിധമായി. മഴ മാറിയാല്‍ പൊടി മൂടി പ്രദേശം തന്നെ കാണാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേത്തെ താമസക്കാർ പറയുന്നു. ഇനിയും പുതിയൊരു ക്വാറിയുടെ പ്രവർത്തന ദുരിതം കൂടി താങ്ങാൻ തങ്ങള്‍ക്ക് കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.