മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.

വടക്കഞ്ചേരി: ഇടവേളക്കുശേഷം വീണ്ടും മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി. ദേശീയ പാതയിൽ പലയിടത്തും ഇപ്പോൾ റിപ്പയർ വർക്കുകൾക്കുള്ള കൂടാരങ്ങളാണ്. വാഹനങ്ങൾ തിരിച്ചുവിട്ട് ഏറെനാൾ നീളുന്ന റിപ്പയർ പണികളാണ് നടക്കുന്നത്.

ദേശീയപാതയിൽ മേൽപ്പാലങ്ങളിലാണ് റിപ്പയർ വർക്കിനായുള്ള ഇത്തരം ടെന്റുകളുള്ളത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത, പഞ്ചായത്ത് റോഡുകൾ എന്നീ എല്ലാ റോഡു കളും തകർന്നു. ദേശീയപാതയിലെ കുരുക്കുകൾക്കും ശമനമില്ല. ദേശീയപാതയിൽ വാണിയംപാറ മുതൽ ചാലക്കുടി വരെയുള്ള ഭാഗത്ത് മാത്രം ആറിടത്താണ് ഒരേസമയം വാഹനങ്ങൾ തടഞ്ഞ് മേൽപ്പാലങ്ങളുടെയും മറ്റും പണികൾ നടക്കുന്നത്.

ആധുനിക യന്ത്ര സംവിധാനങ്ങളില്ലാതെ ഒച്ചിഴയും മട്ടിലാണ് പണികൾ. ഇവിടെയെല്ലാം സർവീസ് റോഡു കൾ വഴി വേണം ആയിരക്കണക്കിന് വരുന്ന വാഹനങ്ങൾക്ക് ഇരു ദിശകളിലേക്കും പോകാൻ. ഈ സർവീസ് റോഡുകളെങ്കിലും കുഴികളില്ലാത്തവിധം നിരപ്പുള്ളതാക്കിയിരുന്നെങ്കിൽ വാഹനയാത്രികർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ അതിന് നിർദേശം നൽകാൻ പോലും ഇവിടെ ഭരണ സംവിധാനമില്ലേ എന്നാണ് വാഹനയാത്രികർ ചോദിക്കുന്നത്. ദേശീയപാത മുടിക്കോട് ഇന്നലെ അതിരാവിലെ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്.