സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.

നെല്ലിയാമ്പതി: നെല്ലിയാമ്പതി ഇത്തവണ ഓണത്തിന് ഹൗസ്‌ഫുൾ. ഓണത്തിന് ഒരുമാസം മുമ്പേ പ്രമുഖ റിസോർട്ടുകളിൽ മുറികളുടെ ബുക്കിങ് ഏതാണ്ട് പൂർത്തിയായി. സീതാർകുണ്ട്, പുലയമ്പാറ, കൈകാട്ടി, നൂറടി, ആനമട, പാടഗിരി തുടങ്ങിയ ഭാഗങ്ങളിലും വനമേഖലയ്ക്കുസമീപമുള്ള 36 റിസോർട്ടിലുമായി 3,200 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. കൂടാതെ വനംവികസന കോർപറേഷന്റെ പകുതിപ്പാലം റിസോർട്ടിലും താമസിക്കാം.

മഴക്കാലത്ത് നെല്ലിയാമ്പതിചുരംപാതയിലെ ചെറുവെള്ളച്ചാട്ടങ്ങളും, കോടമഞ്ഞ് പുതച്ച മലനിരകളും, തേയിലത്തോട്ടങ്ങളും, രാത്രി മഞ്ഞിന്റെ കുളിരുമെല്ലാം ആസ്വദിക്കാനാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്. ചില റിസോർട്ടുകൾ നൈറ്റ് സഫാരിക്കും സൗകര്യമൊരുക്കുന്നുണ്ട്.

ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് നെല്ലിയാമ്പതിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പോത്തുണ്ടി ചെക് പോസ്റ്റിൽ നിന്ന് ഈ ദിവസങ്ങളിൽ 2500-3000ത്തിനും ഇടയിൽ വാഹനങ്ങളിലായി അയ്യായിരത്തിലധികം പേരാണ് ചുരംകയറി നെല്ലിയാമ്പതി കാണാനെത്തുന്നത്. കഴിഞ്ഞ സീസണിൽ മാത്രം ഒന്നരലക്ഷത്തോളം സഞ്ചാരികളാണ് നെല്ലിയാമ്പതി കാണാനെത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് കനത്തമഴമൂലം സഞ്ചാരികൾക്ക് നിയന്ത്രണംവന്നതോടെ നെല്ലിയാമ്പതിയിൽ സഞ്ചാരികൾ കുറവായിരുന്നു.

ഓണാഘോഷത്തിന് സഞ്ചാരികളെ വരവേൽക്കാൻ നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒരുക്കം നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് റഷീദ് ആലത്തൂർ പറഞ്ഞു. സെപ്റ്റമ്പറിലെ ഓണാവധിവരുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിലവിൽ റിസോർട്ടുകളിൽ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. എസി ഉപയോഗിക്കാതെ തന്നെ അതേ കാലാവസ്ഥയിൽ ഈ സമയങ്ങളിൽ താമസിക്കാൻ കഴിയുമെന്നതിനാൽ കൂടുതൽസഞ്ചാരികളെ പ്രതീക്ഷിക്കുന്നു.