December 28, 2025

മംഗലംഡാം അണക്കെട്ടിൽ തേനീച്ചക്കൂട് ഭീഷണി; പ്രഭാതനടത്തത്തിനിറങ്ങിയ യുവാക്കൾക്ക് കുത്തേറ്റു

മംഗലംഡാം : മംഗലംഡാം അണക്കെട്ടിലെ തേനീച്ചക്കൂട് സഞ്ചാരികൾക്കും ജീവനക്കാർക്കും ഭീഷണി. സ്‌പിൽവേ ഷട്ടറുകളുടെ മുകളിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് നടപ്പാതയ്ക്ക് അടിയിലായാണു പെരുംതേനീച്ചകളുടെ കൂടുള്ളത്. താഴ്ഭാഗത്തെ കാഴ്ച‌കൾ കാണാനായി ഈ ഭാഗത്താണു സഞ്ചാരികൾ നിൽക്കാറുള്ളത്. കൂടൊന്ന് ഇളകിയാൽ സഞ്ചാരികൾക്ക് തേനീച്ചകളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടൽ എളുപ്പമല്ല. അപകട സാധ്യത കണക്കിലെടുത്ത് തേനീച്ചകളെ തുരത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.മംഗലംഡാം അണക്കെട്ടിന്റെ പരിസരത്തു കൂടി പ്രഭാത നടത്തത്തിനു പോയ യുവാക്കൾക്കു തേനീച്ചകളുടെ കുത്തേറ്റു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയ മംഗലംഡാം സ്വദേശികളായ ദിബിൻ സന്തോഷ്, ആർ. ജിജു എന്നിവർക്കു നേരെയാണു തേനീച്ചകളുടെ ആക്രമണമുണ്ടായത്. തേനീച്ചകൾ ഇളകിയതു ദുരെ നിന്നു തന്നെ കണ്ടതു രക്ഷയായി.എന്നിട്ടും ഓടി മാറുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റു. യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.