January 15, 2026

വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം ഭാഗത്ത്‌ ഡി.സി.സി. പ്രസിഡന്റിനെതിരെ പരിഹാസ ഫ്ലക്സ്

വണ്ടാഴി : ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെതിരെ പരിഹാസശൈലിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെ തുടർന്ന് വണ്ടാഴി പഞ്ചായത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണത്തിൽ വരാതിരിക്കാനാണ് തങ്കപ്പൻ അഹോരാത്രം പ്രവർത്തിച്ചതെന്നാരോപിച്ചാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.വണ്ടാഴി പഞ്ചായത്തിലെ മംഗലം ഡാം വാർഡിലാണ് വിവാദം രൂക്ഷമായത്. ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ മൂസക്കുട്ടിക്ക് വെറും 108 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് അംഗമായ ഡിനോയ് കോമ്പാറ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചതും ഫലത്തെ പ്രതികൂലമായി ബാധിച്ചു. റിബൽ സ്ഥാനാർത്ഥിയായ ഡിനോയ് കൊമ്പാറ മംഗലംഡാം വാർഡിൽ ജയിക്കുകയും ചെയ്തു.പ്രാദേശിക എതിർപ്പുകൾ അവഗണിച്ച് മൂസക്കുട്ടിയെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടതാണ് പരാജയത്തിന് കാരണമെന്നാണ് കോൺഗ്രസ് പ്രവർത്തകരിലെ ഒരു വിഭാഗത്തിന്റെ ആരോപണം.മംഗലംഡാം പ്രദേശം മുഴുവൻ പരിഹാസരൂപത്തിലുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എ. തങ്കപ്പൻ പങ്കെടുക്കാനിരുന്ന ഒരു പരിപാടിക്ക് മുന്നോടിയായാണ് ഇവ സ്ഥാപിച്ചതെന്ന് സൂചന. പരിപാടി കഴിഞ്ഞ ഉടൻ ബോർഡുകൾ നീക്കം ചെയ്തു.