January 15, 2026

നെല്ലിയാമ്പതിയിൽ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നം തുടരുന്നു; പുതിയ ടവറുകൾക്കും സിഗ്നൽ തളർച്ച

നെന്മാറ: നെല്ലിയാമ്പതി മേഖലയിൽ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരമായി ഇല്ല. കഴിഞ്ഞ വർഷമാണ് പുതുതായി നെല്ലിയാമ്പതി മേഖലയിൽ മൂന്ന് മൊബൈൽ ടവറുകൾ BSNL സ്ഥാപിച്ചത്. കാരപ്പാറ, പൊതുപാറ, ചെറുനെല്ലി എന്നിവിടങ്ങളിലാണ് മൊബൈൽ ടവറുകൾ സ്ഥാപിച്ചത്. നെല്ലിയാമ്പതിയിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന ചിലരുടെ ഫോണുകളിൽ നെറ്റ്‌വർക്ക് ലഭിക്കയും ചിലർക്ക് നെറ്റ്‌വർക്ക് ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു.കാരപ്പാറ, പൊതുപാറ പ്രദേശങ്ങളിൽ സ്ഥാപിച്ച മൊബൈൽ ടവറുകളിൽ ഫോർജി (4G) സംവിധാനം ഉള്ള മൊബൈലുകളിൽ മാത്രമാണ് നെറ്റ്‌വർക്ക് ലഭിക്കുന്നത്.ഫൈവ്‌ജി (5G) സംവിധാനം ഉള്ള മൊബൈലുകളിൽ സിഗ്നൽ ലഭിക്കുന്നില്ല എന്ന പരാതിയും ഉയർന്നു. പഴയ മോഡൽ മൊബൈലുകളിലാണ് ഈ ടവറുകളിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നുവെന്ന് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും പരാതികളെ തുടർന്ന് അധികാരികൾ നടത്തിയ അന്വേഷണത്തിലാണ് പ്രശ്നം സ്ഥിരീകരിച്ചത്.ഇതിന് പരിഹാരമായി പുതുതായി സ്ഥാപിച്ച ടവറുകളിലെ സോഫ്റ്റ്വെയർ സംവിധാനം ഉടൻ അപ്‌ഗ്രേഡ് ചെയ്യുമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്.നെല്ലിയാമ്പതിയിലേക്കെത്തുന്ന വിനോദസഞ്ചാരികളും പ്രദേശവാസികളും, ബാങ്കുകൾ, സ്കൂൾ വിദ്യാർത്ഥികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി പലരും നെറ്റ്‌വർക്ക് പ്രശ്നം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാണ് നെല്ലിയാമ്പതി മലമുകളിലും ചുരംപാതയിലും പുതിയ മൊബൈൽ ടവറുകൾ സ്ഥാപിച്ചത്.നെല്ലിയാമ്പതി ചുരംപാതയിലെ ഇടത്താവളമായ ചെറുനെല്ലിയിൽ പുതുതായി സ്ഥാപിച്ച മൊബൈൽ ടവറിന് ചുരംപാതയിൽ മുഴുവൻ സിഗ്നൽ ലഭ്യമാക്കാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു.നെല്ലിയാമ്പതി ചുരംപാത നവീകരണ റോഡ് പണി ആരംഭിക്കുന്നതിന് മുമ്പായി റോഡിലെ കേബിൾ വർക്ക് പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികൾ നിർദ്ദേശിച്ചതിനെ തുടർന്ന് ചെറുനെല്ലി വരെ റോഡരികിൽ പ്രത്യേക ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന് വേണ്ട പൈപ്പുകൾ സ്ഥാപിച്ച് തുടങ്ങി.