January 15, 2026

ഒടംതോട് മേഖലയിൽ കടുവ ഭീഷണി: അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ടു പഞ്ചായത്ത്‌ മെമ്പറുടെ നേതൃത്വത്തിൽ കത്ത് നൽകി

മംഗലംഡാം: ഓടംതോട് സിവിഎംകുന്ന് പ്രദേശത്ത് ഒരാഴ്ചയായി കാണപ്പെടുന്ന കടുവയെ കൂട്ടുവച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളും നാട്ടുകാരും പഞ്ചായത്ത് മെംബർ ഷാജു ആൻറണിയുടെ നേതൃത്വത്തിൽ വനംവകുപ്പിന് കത്ത് നൽകി.മനുഷ്യർക്കുനേരെയോ വളർത്തുമൃഗങ്ങളെ ആക്രമിക്കാനോ മുമ്പ് കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് മെംബർ ഷാജു ആൻ്റണി, കത്തോലിക്ക കോൺഗ്രസ്സ് മംഗലംഡാം ഫൊറോന പ്രസിഡന്റ് ബെന്നി ജോസഫ് മറ്റപ്പള്ളി, കിഫ ജില്ലാ കമ്മിറ്റി അംഗം ജോഷി ആൻ്റണി എന്നിവരുടെ നേതൃത്വത്തിൽ കരിങ്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിമിന് കത്ത് നൽകിയത്.ഷിജു മാത്യു, ബേബി സ്കറിയ, ജെൻസൺ, മാത്യു പുലിക്കൽ, വിൽസൺ ജോസഫ്, ഷിജോ പുലിക്കക്കുന്നേൽ തുടങ്ങി പലരും നിവേദക സംഘത്തിലുണ്ടായിരുന്നു. കൂടു സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കടുവ വീട്ടുമുറ്റത്ത് എത്തിയ രവീന്ദ്രന്റെ കുടുംബം റേഞ്ച് ഓഫീസർക്കും കത്ത് നൽകിയിട്ടുണ്ട്.അപകടകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ക്രിസ്മസ്, ന്യൂ ഇയർ അവധി കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കെ കടുവ ഭീഷണി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.പ്രദേശത്ത് കറങ്ങുന്നത് കടുവ തന്നെയാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി ചർച്ചകളും ക്യാമറ വച്ചും സമയം കളയാതെ കൂട് വയ്ക്കാൻ അടിയന്തര നടപടി വേണമെന്നതാണ് ആവശ്യം.