കുഴൽമന്ദം : യാത്രക്കാർക്ക് ആശ്വാസം, കുഴൽമന്ദത്ത് ദേശീയപാതയിൽ പുതുതായി നിർമിച്ച അടിപ്പാത ഇന്നലെ താൽക്കാലികമായി തുറന്നുകൊടുത്തു. ഇതോടെ ഗതാഗതക്കുരുക്കിൽ കുഴങ്ങുന്ന കുഴൽമന്ദത്തിനു ശാപമോക്ഷമായി. തേങ്കുറുശ്ശി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ദേശീയപാത കുഴൽമന്ദം ജംക്‌ഷനിലെ മേൽപാലത്തിനരികിലൂടെയാണ് മാത്തൂർ ഭാഗത്തേക്കും തിരികെയും പോയിരുന്നത്. പാലക്കാട്ടു നിന്നു മാത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതേ രീതിയിലാണു പോയിരുന്നത്. ഇതു ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു. മാസങ്ങൾക്കു മുൻപ് അടിപ്പാത നിർമാണം പൂർത്തിയായ സാഹചര്യത്തിൽ കുരുക്ക് ചൂണ്ടിക്കാട്ടി താൽക്കാലികമായി വാഹനങ്ങൾ പോകാൻ തുറന്നുകൊടുക്കാൻ ആവശ്യമുയർന്നെങ്കിലും പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതേ പ്രശ്നമുണ്ടായപ്പോൾ കാഴ്ചപ്പറമ്പിലെ അടിപ്പാതയിലൂടെ വാഹനങ്ങൾ പോകാൻ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. കുഴൽമന്ദം അടിപ്പാത ഇന്നലെ തുറന്നുകൊടുത്തപ്പോൾ പൊടിനിറഞ്ഞതിനാൽ ടാറിങ് നടത്തി. തുടർന്ന് അടച്ചിടുകയും ചെയ്തു. ഇന്നു വീണ്ടും തുറന്നുകൊടുത്തേക്കും. കുരുക്കു സംബന്ധിച്ച് നിരന്തരം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ദേശീയപാത അധികൃതർക്കു മനംമാറ്റമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.


Similar News
മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല; ആൽഫ്രഡിനും, എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.
‘സൈന്യത്തില്‍ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; കൊല്ലങ്കോട് പെണ്‍കുട്ടി ജീവനൊടുക്കി, പരാതിയുമായി കുടുംബം