വടക്കഞ്ചേരി : കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവ് ആനയടിയൻ പരുതയിൽ ചരിത്രപ്രാധാന്യമുള്ള മുനിയറകൾ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് പുരാവസ്തു വകുപ്പ് നടപടികൾ ആരംഭിച്ചു. മുനിയറകളെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റന്റ് ബിന്നി കെ. ഈപ്പനെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടിൽ ഇവിടെയുള്ള മഹാശിലാസ്മാരകങ്ങൾ സംരക്ഷിക്കേണ്ടവയാണെന്ന് വ്യക്തമാക്കിയിരുന്നു.തുടർനടപടിയായി സ്മാരകങ്ങളുമായി ബന്ധപ്പെട്ട ഉപരിതല പരിശോധന നടത്തുന്നതിനായി എസ്കവേഷൻ അസിസ്റ്റന്റ് വിമൽകുമാർ, ഫീൽഡ് അസിസ്റ്റന്റ് ബിന്നി കെ. ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം 1968ലെ കേരള പ്രാചീന സ്മാരകങ്ങളും പുരാവസ്തുസങ്കേതങ്ങളും പുരാവശിഷ്ടങ്ങളും സംബന്ധിച്ച നിയമപ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.കിഴക്കഞ്ചേരി 2 വില്ലേജിൽ റീസർവേ ബ്ലോക്ക് 39-ൽ സർവേ നമ്പർ 302-ൽ ഉൾപ്പെടുന്ന സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മുനിയറകളിൽ ഒന്ന് സാമൂഹികവിരുദ്ധർ തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊന്നയ്ക്കൽകടവ് സ്വദേശിയായ എം. ഹരിദാസൻ 2025 ഒക്ടോബർ 17ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിരിക്കുന്നത്.മൂന്ന് മാസങ്ങൾക്ക് മുൻപ് മുനിയറകളുടെ ചില ഭാഗങ്ങൾ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചാൽ മാത്രമേ മുനിയറകളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ കഴിയൂ.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു