ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ഒലിപ്പാറ: അയിലൂർ പഞ്ചായത്തിലെ ഒലിപ്പാറ ആശാരി മഠത്തിൽ സുന്ദരന്റെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ മംഗലംഡാം ഗെയിറ്റിംഗിലെ വാളി പ്ലാക്കൽ അബ്രഹാം (കുട്ടിച്ചൻ) വെടി വെച്ച് കൊന്നു. ഇന്ന് രാവിലെയാണ് കിണറ്റിൽ വീണ നിലയിൽ കാട്ടുപന്നിയെ വീട്ടുകാർ കണ്ടത്. ഉടനെ തന്നെ തിരുവഴിയാട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് ഉദ്യഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ചേർന്ന് കാട്ടുപന്നിയെ പുറത്തെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. നാട്ടുകാരുടെയും, ഫോറസ്റ്റ് അധികൃതരുടെയും ഒരുപാടു നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിച്ചൻ കാട്ടുപന്നിയെ കിണറ്റിൽ വച്ചുതന്നെ വെടിവെച്ച് കൊന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.ഒലിപ്പാറ, നേർച്ചപാറ, പൈതല എന്നീ മേഖലകളിൽ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരം നടക്കുന്നതിനാൽ ഈ മേഖലയിലെ ജനങ്ങൾ വളരെ ഭീതിയോടെ കൂടിയാണ് കഴിയുന്നത്. ദിവസങ്ങൾക്കു മുമ്പ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ മത്തായി കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇത് ഈ മേഖലയിലുള്ള ജനങ്ങളുടെ ജീവന് ഭീഷണിയായതിനാൽ വൻ പ്രതിഷേധങ്ങൾ നടന്നു വരുന്ന സാഹചര്യത്തിലാണ് ഇന്ന് കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടത് . വന്യമൃഗങ്ങളിൽ നിന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ പൊതുവായ ആവശ്യം .