സ്ത്രീധന പീഡനം: കോടതി ഇടപെട്ടിട്ടും ഭാര്യയേയും കുഞ്ഞുങ്ങളെയും പുറത്താക്കി ഭർത്താവ്: സംഭവം ആലത്തൂരിൽ.

ആലത്തൂർ: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഭാര്യയേയും സ്വന്തം കുഞ്ഞുങ്ങളേയും വീട്ടില്‍ നിന്ന് പുറത്താക്കി ഭർത്താവിന്റെ ക്രൂരത.
പാലക്കാട് ആലത്തൂരില്‍ നടന്ന സംഭവത്തില്‍ ഭാര്യ റാബിയ നസീറും മക്കളുമാണ് രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയക്ക് വേണ്ടി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്.

സ്ത്രീധനമായി ലക്ഷങ്ങള്‍ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി റാബിയയും കുടുംബവും ആരോപിക്കുന്നു. തുടര്‍ന്ന് കോടതി ഇടപെട്ടിട്ടും ഇയാള്‍ ഭാര്യയെ വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല. ഭര്‍ത്താവ് കുടുംബത്തേയും കൊണ്ട് വീട് പൂട്ടി നാട് വിട്ടിരിക്കുകയാണ്. നാല് ദിവസമായി കുഞ്ഞുങ്ങളോടൊപ്പം ഗേറ്റിനോട് ചേര്‍ന്നാണ് റാബിയയുടെ താമസം. ഭര്‍ത്താവ് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് റാബിയ ആരോപിക്കുന്നു.
അതേസമയം, റാബിയയും കുടുംബവും ആരോപിക്കുന്ന പരാതികള്‍ വ്യാജമെന്നാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. ബന്ധു ആശുപത്രിയിലായതിനാല്‍ വീട്ടിലെത്താന്‍ സാധിക്കില്ലെന്നും ഇയാള്‍ പറയുന്നു.