മംഗലം അണക്കെട്ടിലെ മണ്ണ് നീക്കൽ പാതിവഴിയിൽ: ആദ്യ പരീക്ഷണ പദ്ധതി പാളുന്നു.

വടക്കഞ്ചേരി: മംഗലം അണക്കെട്ടിലെ മണ്ണുനീക്കല്‍ നിലച്ചിട്ട് മാസങ്ങള്‍.
അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കി ജലസംഭരണശേഷി വീണ്ടെടുക്കാനുള്ള ശ്രമമാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പ്രഥമ പരീക്ഷണപദ്ധതി പാളുമോ എന്ന് ആശങ്കയും ഉയര്‍ന്നു. നിര്‍ദിഷ്ട മംഗലംഡാം കുടിവെള്ളപദ്ധതിയുടെ ഭാവിയും സംശയത്തിലായി.

2020 ഡിസംബറിലാണ് മണ്ണുനീക്കല്‍ പ്രവൃത്തിയാരംഭിച്ചത്. വേനലിലും മഴയിലുമൊക്കെ മണ്ണ് നീക്കുമെന്നായിരുന്നു ദര്‍ത്തി കമ്പനി സര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥ. മണ്ണ് മാന്തിക്കപ്പല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം പ്രവൃത്തികളും അവതാളത്തിലായി. കൂലി കിട്ടാതായതോടെ തൊഴിലാളികളില്‍ പലരും പിരിഞ്ഞുപോയി. മണല്‍സംസ്‌കരണത്തിനായി ഒരുക്കിയ മൂന്ന് പ്ലാന്റുകളും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു.

പദ്ധതിയുടെ ആദ്യ വര്‍ഷം പ്രതീക്ഷിത ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല. നികുതി ഉള്‍പ്പെടെ 17.70 കോടി രൂപ സര്‍ക്കാരിന് ലഭിക്കേണ്ടതുമുണ്ട്. പ്രതിമാസ ഗഡുവിലും നികുതിയടവിലും മാസങ്ങളായി കുടിശ്ശികയാണ്. ഉപകരാര്‍ കമ്പനികളുമായുള്ള തര്‍ക്കമാണ് പദ്ധതി നിര്‍വഹണത്തിലെ തടസ്സമെന്ന് പറയപ്പെടുന്നു.

എന്നാല്‍ മംഗലംഡാം പദ്ധതിയിലെ തടസ്സങ്ങള്‍ പരിഹരിച്ചുവരികയാണെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വാർത്തകൾ അറിയാൻ
Mangalam Dam Media
ഗ്രൂപ്പിൽ അംഗമാവൂ.