വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത ടോൾ പിരിവിന് മുന്നോടിയായി ദേശീയപാതാ അതോറിറ്റി റോഡിന്റെ അന്തിമപരിശോധന നടത്തി. ദേശീയപാത അതോറിറ്റി മേഖല ഓഫീസർ ബി.എൽ. മീണയുടെ നേതൃത്വത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടായിരുന്നു പരിശോധന. കരാർ കമ്പനിയെ അറിയാക്കാതെയായിരുന്നു സന്ദർശനം. ജോലികളിൽ തൃപ്തിയറിയിച്ചതായാണ് വിവരം.
പരിശോധനാവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 90 ശതമാനം ജോലികൾ പൂർത്തിയായാൽ ടോൾ പിരിക്കാമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിയമം. 90 ശതമാനം ജോലികൾ പൂർത്തിയായതായി കാണിച്ച് കരാർ കമ്പനി സെപ്റ്റംബറിൽ ടോൾ പിരിവിനുള്ള അനുമതിക്കായി ദേശീയപാത അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസിയായ ഐ.സി.ടി. റോഡിന്റെ നിർമാണം പരിശോധിച്ചശേഷം 90 ശതമാനം ജോലികൾ പൂർത്തിയായതായി റിപ്പോർട്ട് നൽകി. ഇതിനുശേഷം ദേശീയപാത അതോറിറ്റി മേഖല ഓഫീസർ നടത്തിയ ആദ്യഘട്ടപരിശോധനയിൽ ഏതാനും ജോലികൾകൂടി പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. ഇവ പൂർത്തീകരിച്ചോയെന്ന് നോക്കുന്നതിനായിരുന്നു അന്തിമപരിശോധന.
മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ അടുത്തയാഴ്ച ടോൾ പിരിക്കുന്നതിനുള്ള അനുമതി നൽകും. അനുമതി ലഭിക്കുന്നതിന്റെ അടുത്തദിവസം ടോൾനിരക്ക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. ഇതിന്റെ തൊട്ടടുത്തദിവസം തന്നെ കരാർ കമ്പനിക്ക് ടോൾ പിരിവും ആരംഭിക്കാമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ടോൾ നിരക്ക് നിശ്ചയിക്കലും പൂർത്തിയായതായാണ് വിവരം. അതേസമയം, ടോൾ പിരിവ് കേന്ദ്രം സ്ഥിതിചെയ്യുന്ന പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകണമെന്നും ജോലികൾ പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങരുതെന്നും ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാണ്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.