January 16, 2026

ഇന്നലെ കൂർമ്പാച്ചി മലയിൽ കയറിയ യുവാവിനെ താഴെ എത്തിച്ചു.

പാലക്കാട്: കുര്‍മ്പാച്ചിമലയില്‍ വീണ്ടും ആളുകള്‍ കയറിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് കുര്‍മ്പാച്ചി മലയില്‍ കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളില്‍ നിന്നും മൊബൈല്‍ ഫ്ലാഷ് ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ ഈ മേഖലയിലേക്ക് പോകുകയും തെരച്ചില്‍ നടത്തുകയുമായിരുന്നു. കുറുമ്പാച്ചി മലയില്‍ കഴിഞ്ഞ ദിവസം ബാബു കയറിയ അതേ സ്ഥലത്താണ് വീണ്ടും ആളെ കണ്ടെത്തിയത്. രണ്ടോ അതിലധികമോ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാളെ മാത്രമാണ് കണ്ടെത്താനായത്.

മലയില്‍ നിന്നും ലൈറ്റ് അടിയ്ക്കുന്നത് കണ്ടാണ് മലയില്‍ ആളുകളുടെ സാന്നിധ്യമുണ്ടെന്ന മനസ്സിലായത്. മലയിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട ബാബുവിനെയും കുറുമ്പാച്ചി മലയും കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. മല കയറിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.