വടക്കഞ്ചേരി: ഈ മാസം ഒടുവോടെ മംഗലത്തെ പുതിയ പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന സ്ഥലം എംഎല്‍എ പി.പി.സുമോദിന്റെ ഉറപ്പും പാഴ്വാക്കാകുന്നു. പാലം തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വ്യാപാരികള്‍ നല്കിയ നിവേദനത്തിനു മറുപടിയായിട്ടായിരുന്നു എംഎല്‍എയുടെ ഉറപ്പ്.
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
എന്നാല്‍ ഒരാഴ്ച മാത്രം ശേഷിക്കേ അതിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാകില്ല. മാസങ്ങള്‍ക്ക് മുൻപേ നിര്‍മാണം പൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മാണം നടത്താതെ പുഴയുടെ ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മാണമാണ് നടക്കുന്നത്.
ഒരു ഭാഗത്തെ പണി കഴിഞ്ഞിട്ടുണ്ടെങ്കിലും മറുഭാഗത്ത് ഇനിയും പണികളുണ്ട്. ഇരുഭാഗത്തും കുളിക്കടവുകള്‍ കൂടി നിര്‍മിക്കേണ്ടതുണ്ട്. പാലം നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ പലതു കഴിഞ്ഞു. ആദ്യം അപ്രോച്ച് റോഡുകള്‍ നിര്‍മിച്ച് അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാന്‍ സൗകര്യമൊരുക്കാമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതുണ്ടായില്ല. യാത്രക്കാരെയും വ്യാപാരികളെയും പരമാവധി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് തുടരുന്നതെന്നാണ് ആക്ഷേപം. സമാന്തരപാത കണ്ടെത്താതെ പഴയ പാലം പൊളിച്ച് പുതിയ പാലം പണി നടത്തുന്നതിനാല്‍ ഒരുവര്‍ഷത്തിലേറെയായി മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ യാത്രക്കാര്‍ യാത്രാദുരിതത്തിലാണ്.
ഈ ഭാഗത്തെ നിരവധി കച്ചവടസ്ഥാപനങ്ങളും ഇത്രയും കാലമായി പൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയുമുണ്ട്. പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജൂണ്‍ മാസം വരെ കാലാവധിയുണ്ടെന്ന് പറഞ്ഞ് പണികള്‍ മെല്ലേ പോക്കിലാണ്. ആറ് മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞായിരുന്നു പഴയപാലം പൊളിച്ചത്. ഇതിനാല്‍ ജനങ്ങളും പ്രതിക്ഷേധങ്ങള്ക്കിറങ്ങിയില്ല. സംസ്ഥാന പാത പോലെ വാഹന തിരക്കേറിയ പാതകളില്‍ പാലം പണിയോ മറ്റോ നടത്തുമ്പോള്‍ താല്‍ക്കാലികമായി സമാന്തരപാത ഉണ്ടാക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ഇതു ചെയാതെ ജനങ്ങളെ യാത്രാ ദുരിതത്തിലാക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകുമ്പോള്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ടും. രണ്ടും മൂന്നും കിലോമീറ്റര്‍ ചുറ്റിക്കറങ്ങി ദേശീയപാതയില്‍ കയറിവേണം വടക്കഞ്ചേരിയിലെത്താന്.
അത്യാവശ്യങ്ങള്‍ക്ക് ഓട്ടോ വിളിച്ച് പോകാന്‍ വലിയൊരു തുക വേണം. കിടങ്ങുകള്‍ പോലെയാണിപ്പോള്‍ മംഗലം പാലം വളവ്. റോഡ് ഇല്ലാത്ത വിധം തകര്‍ന്നിരിക്കുകയാണ്. സംസ്ഥാന പാതയിലൂടെയുള്ള വാഹനങ്ങള്‍ക്കെല്ലാം ഈ കിടങ്ങുകള്‍ താണ്ടി കയറണം.
സംസ്ഥാനപാതയില്‍ നിന്നുള്ള കരിപ്പാലി പാളയം റോഡും തകര്‍ന്ന് കിടക്കുന്നതിനാല്‍ അതുവഴിയുള്ള വാഹനയാത്രയും ദുര്‍ഘടമാണ്. എംഎല്‍എ ഇടപ്പെട്ട് അപ്രോച്ച് റോഡുകളുടെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കി പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.