പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച്‌ ആക്രിക്കടയില്‍ വിറ്റു: പ്രതി പിടിയിൽ.

പാലക്കാട്: നവമി ദിവസം പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച്‌ ആക്രിക്കടയില്‍ വിറ്റ കേസിലെ പ്രതിയെ പോലീസ് പിടികൂടി.
ആലത്തൂര്‍ വാനൂര്‍ നെല്ലിയംകുന്നം എച്ച്‌.എം വീട്ടില്‍ സുനീഷിനെയാണ് (28) പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മലപ്പുറം എടക്കര പോലീസിന്‍റെ പിടിയിലായ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മേപ്പറമ്പില്‍ താക്കോല്‍ സഹിതം പൂജയ്ക്കായി വെച്ച വാഹനം മോഷ്ടിച്ചെന്നായിരുന്നു സുനിഷിനെതിരെയുള്ള കേസ്. മോഷ്ടിച്ച വാഹനം ഡിസംബറില്‍ ആക്രിക്കടക്കാര്‍ക്കു വിറ്റു. മേപ്പറമ്പിലെ തന്നെ ആക്രിക്കടയിലാണ് ഇയാള്‍ വാഹറ്റം വിറ്റത്. ആക്രിക്കടയില്‍ വെച്ച്‌ വാഹനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെ പോലീസ് കണ്ടെത്തിയത്.
പ്രതി സുനീഷിന്റെ പേരില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമം, വാഹനമോഷണം, പിടിച്ചുപറി, ആടുമോഷണം എന്നീ കേസുകളുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, പേരാമംഗലം പോലീസ് സ്റ്റേഷന്‍ എന്നിവടങ്ങളിലും മോഷണക്കേസുണ്ട്.

whatsapp