മംഗലംഡാം: വിആര്‍ടി കവയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. മംഗലംഡാം സ്വദേശി പുത്തൂര്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ വീടാണു കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം തകര്‍ത്തത്. രാത്രി സമയങ്ങളില്‍ ആള് താമസമില്ലാത്ത വീടാണിത്. കാലത്ത് ജോലിക്കെത്തിയ തൊഴിലാളിയാണ് വീടു തകര്‍ത്തതായി കണ്ടത്. വീട്ടിലുണ്ടായിരുന്ന രണ്ട് കട്ടിലുകള്‍, അലമാര തുടങ്ങിയ വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ഇവിടെ ആനയിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്ന സ്ഥിതിയുണ്ട്.
ഈ ഭാഗത്താണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. കവുങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനില്‍ തട്ടി ആനക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഇപ്പോഴും ഈ ഭീഷണി ഇവിടെ നിലനില്‍ക്കുന്നുണ്ട്. കാട്ടാനകള്‍ കവുങ്ങോ, തെങ്ങോ മറിച്ചിട്ടാല്‍ വൈദ്യുതി ലൈനില്‍ തട്ടി അത്യാഹിതങ്ങള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലുള്ള മേഖലയാണിത്. കഴിഞ്ഞ വര്‍ഷം കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞതിനെ തുടര്‍ന്ന് മേഖലയില്‍ ഫെന്‍സിംഗ് നടത്തി സുരക്ഷ ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞെങ്കിലും ഇനിയും നടപടിയായില്ല. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് റോഡ് ഒലിച്ചു പോയതിനാല്‍ ഫെന്‍സിംഗിനുള്ള സാധനങ്ങള്‍ എത്തിക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് ആദ്യം വനം വകുപ്പ് കാരണം പറഞ്ഞത്.
എന്നാല്‍ നാട്ടുകാര്‍ പിരിവെടുത്ത് റോഡ് ശരിയാക്കിയെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പ് വരെ പതിനഞ്ചിലധികം കുടുംബങ്ങള്‍ സ്ഥിര താമസമുണ്ടായിരുന്ന പ്രദേശമാണിത്. വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതി മുട്ടിയ കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയി താഴ്ഭാഗത്ത് താമസമാക്കി. പലരും പകല്‍ സമയങ്ങളില്‍ കൃഷിസ്ഥലങ്ങളിലെത്തി പണി ചെയ്ത് പോവുകയാണ് ചെയ്യുന്നത്. ചിമ്മിനി വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന ഈ ഭാഗത്ത് സോളാര്‍ വേലി നിര്‍മിച്ച് സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കവയില്‍ ചിമ്മിനി വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ഒരു കിലോമീറ്റര്‍ ദൂരം സോളാര്‍ വേലി നിര്‍മിക്കുമെന്നു വനം വകുപ്പ് ഇന്നലേയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനുള്ള സാധനങ്ങളെല്ലാം മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി. നാട്ടുകാരുടെ അഭിപ്രായവും കൂടി പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മേഖലയില്‍ സോളാര്‍ വേലി നിര്‍മിക്കുന്നതിനുള്ള പണി ആരംഭിക്കുമെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ചര്‍ കെ. അഭിലാഷ് പറഞ്ഞു.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.