വടക്കഞ്ചേരിയിലെ ടോൾ പിരിവ് സംബന്ധിച്ച തർക്കങ്ങൾക്കിടെ വാളയാർ ടോൾ പ്ലാസയിൽ ഏപ്രിൽ 1 മുതൽ 10% നിരക്കു വർധന.

വാളയാർ: ദിവസേനയുള്ള ഇന്ധന വിലവർധനയ്ക്കു പിന്നാലെ ദേശീയപാത 544ന്റെ ഭാഗമായ വാളയാർ പാമ്പാംപള്ളം ടോൾ പ്ലാസയിലെ നിരക്ക് വീണ്ടും വർധിപ്പിക്കുന്നു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ടോൾ നിരക്ക് വർ‍ധിപ്പിക്കാൻ ഒരുങ്ങുന്നത്.  2015 നവംബറിലും തുടർന്നിങ്ങോട്ടുള്ള എല്ലാം വർഷവും ടോൾ നിരക്കു പുതുക്കിയെങ്കിലും കോവിഡ് കാലത്ത് പ്രതിസന്ധി കണക്കിലെടുത്തു കഴിഞ്ഞ 2 വർഷവും കമ്പനി ടോൾ വർധിപ്പിച്ചിരുന്നില്ല.

ഇക്കുറി 10% വർധനയാണു നടപ്പാക്കുന്നത്. പുതിയ നിരക്ക് ഏപ്രിൽ ഒന്നിനു നിലവിൽ വരും. യാത്രക്കാരെ പ്രയാസത്തിലാക്കാതെ ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണു നിരക്കു വർധനയെന്ന് കരാർ  കമ്പനിയായ വാളയാർ വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്നതിനിടെ നിത്യേന യാത്ര ചെയ്യുന്ന ടാക്‌സി ഡ്രൈവർമാരെയും സ്വകാര്യ ബസുകാരെയും വർധന പ്രതിസന്ധിയിലാക്കും. കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്കു പ്രതിമാസം നൽകേണ്ട തുക 285 രൂപയിൽനിന്ന് 315 രൂപയാക്കി. ഇത്തരത്തിൽ എല്ലാ നിരക്കിലും വലിയ മാറ്റമുണ്ട്. വടക്കഞ്ചേരിയിൽ ടോൾ പിരിവ് സംബന്ധിച്ച തർക്കങ്ങൾക്കിടെയാണ് വാളയാറിലെ നിരക്ക് വർധന. ടോൾ നിരക്കിലെ വർധന കാരണം അതിർത്തി കടന്നെത്തുന്ന ലോറികളുടെ എണ്ണത്തിൽ കുറവു വരാൻ സാധ്യതയുണ്ടെന്നും വാഹന ഉടമകളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 

നിരക്ക് വർധന ഇങ്ങനെ

Ⓜ️ കാർ, ജീപ്പ് തുടങ്ങിയ ചെറുകിട വാഹനങ്ങൾക്ക് ഒരു തണവ ടോൾ കടന്നുപോകുന്നതിനുള്ള തുക 65ൽ നിന്ന് 75 രൂപയാക്കി ഉയർത്തി.‌ ഒരേ ദിവസം പോയി വരാൻ 100ൽ നിന്ന് 110 രൂപയാക്കി. ചെറുകിട വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് 50 തവണ ഒരു വശത്തേക്കു മാത്രം ഏപ്രിൽ ഒന്നു മുതൽ 2425 രൂപ നൽകണം. 220 രൂപയുടെ വർധന.

Ⓜ️ ചെറിയ വാണിജ്യ വാഹനങ്ങൾ, ചെറിയ ചരക്കു വാഹനങ്ങൾ, ചെറിയ ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 105 രൂപയിൽനിന്നു 120 രൂപയാക്കി ഉയർത്തി. അന്നേദിവസം തന്നെ മടക്ക യാത്രയുണ്ടെങ്കിൽ 175 രൂപ നൽകണം.  ഇത്തരം വാഹനങ്ങൾക്ക് 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 3920 രൂപയാക്കി. 360 രൂപയുടെ വർധന.

Ⓜ️ ബസ് ട്രക്ക് (രണ്ട് ആക്‌സിൽ) ഒറ്റ യാത്രയ്ക്കുള്ള നിരക്കിൽ 20 രൂപ വർധിപ്പിച്ച് 245 രൂപയാക്കി. ഒരേ ദിവസം മടക്കയാത്രയുടെ നിരക്ക് 335ൽ നിന്നു 370 രൂപയാക്കിയിട്ടുണ്ട്. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 8215 രൂപയാക്കി. 755 രൂപയുടെ വർധന.

Ⓜ️ വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങൾ, മണ്ണു മാറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയുടെ നിരക്കിൽ ഗണ്യമായ വർധനയുണ്ട്. ഒരു യാത്രയ്ക്കുള്ള തുക 35 രൂപ കൂട്ടി 385 രൂപയിലെത്തി. ഒരേ ദിവസം മടക്കയാത്രയ്ക്കു കൂടിയാകുമ്പോൾ 525ൽ നിന്നു 580 രൂപയാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 12,880 രൂപയാക്കി വർധിപ്പിച്ചു. 1,185 രൂപയുടെ വർധന.

Ⓜ️ ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് 425ൽ നിന്ന് 470 രൂപയും അതേ ദിവസം മടക്കയാത്രയുണ്ടെങ്കിൽ നിരക്ക് 640ൽ നിന്ന് 705 രൂപയുമാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 14,235 രൂപയിൽനിന്ന് 15,685 രൂപയുമാക്കി. 1450 രൂപയുടെ വർധന.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhatsApp

Telegram

https://t.me/Mangalamdam_palakkad