മംഗലംഡാം: കാരുണ്യ ഭാഗ്യക്കുറിയുടെ നമ്പറിൽ മാറ്റം വരുത്തി ലോട്ടറി വിൽപ്പനക്കാരിയിൽനിന്നു 2000 രൂപ തട്ടിയെടുത്തു. ഒടുകൂർ ആലിൻചുവട്ടിൽ ലോട്ടറി കച്ചവടം ചെയ്യുന്ന കുഞ്ഞുലക്ഷ്മിയാണ് (54) തട്ടിപ്പിനിരയായത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ 50 വയസ്സു തോന്നിക്കുന്ന ആൾ ടിക്കറ്റ് എടുക്കുന്നതിനിടെ ഏപ്രിൽ 30ന് ഫലമറിഞ്ഞ കാരുണ്യ ലോട്ടറിയുടെ 4 ടിക്കറ്റുകൾ കാണിച്ചു. പ്രൈസ് ഷീറ്റിലെ നമ്പറുകളുമായി ഒത്തു നോക്കുന്നതിനിടെ കൈവശമുള്ള 4 ടിക്കറ്റുകൾക്ക് 500 രൂപ വീതം അടിച്ചതായി വിൽപ്പനക്കാരിയോടു പറഞ്ഞു.
പരിശോധിച്ചപ്പോൾ നമ്പർ ശരിയാണെന്ന് ഇവർക്കും തോന്നി. പ്രൈസ് സംഖ്യയായ 2000 രൂപയിൽ 1000 രൂപയുടെ ടിക്കറ്റും 1000 രൂപ പണമായും വാങ്ങി ഇയാൾ സ്ഥലം വിട്ടു. പിന്നീടുള്ള സൂക്ഷ്മ പരിശോധനയിലാണ് 827956 എന്ന നമ്പറിലെ അവസാന നമ്പറായ 56 നെ 66 ആക്കി മാറ്റിയതായും താൻ കബളിപ്പിക്കപ്പെട്ടതായും കുഞ്ഞുലക്ഷ്മിക്ക് മനസ്സിലായത്. ഒടുകൂർ ഐഎച്ച്ഡിപി കോളനിയിലെ കാൻസർ രോഗിയായ വേണുവിന്റെ ഭാര്യയാണ് കുഞ്ഞുലക്ഷ്മി. 4 പെൺമക്കളുള്ള കുടുംബത്തിന് ഏക ആശ്രയം കുഞ്ഞുലക്ഷ്മിയുടെ ലോട്ടറി കച്ചവടമാണ്. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന ഭർത്താവിന് 6 വർഷം മുമ്പ് ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കാൻസർ സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. രണ്ടാഴ്ച മുൻപ് ലോട്ടറി കച്ചവടക്കാരനായ ഒ.കെ.കബീറും, മൊയ്തുവും സമാന രീതിയിലുള്ള തട്ടിപ്പിന് ഇരയായതായി പരാതിയുണ്ട്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.