വടക്കഞ്ചേരി: നാട്ടിന്‍പുറങ്ങളിലെല്ലാം പച്ചപ്പിന്റെ ഹരിതഭംഗിയാണിപ്പോള്. ചുട്ടുപൊള്ളേണ്ട ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴ നാടിനെ തണുപ്പിച്ചു.
ഇക്കുറി ഏതാനും ആഴ്ചകളെ അത്യുഷ്ണത്തിന്റെ ബുദ്ധിമുട്ടുണ്ടായുള്ളു. തുടരുന്ന ന്യൂനമര്‍ദ മഴയും വേനല്‍മഴയുമൊക്കെ ചൂട് ഇല്ലാതാക്കി. തണുപ്പില്‍ രാത്രി മൂടിപ്പുതച്ച് ഉറങ്ങേണ്ട സ്ഥിതിയായി. ഇതെല്ലാം അപൂര്‍വം ചില വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന സൗഭാഗ്യങ്ങളാണെന്നാണ് വിലയിരുത്തല്‍.
വേനല്‍ മഴയെതുടര്‍ന്ന് ഇക്കുറി കുടിവെള്ളത്തിനായുള്ള രോദനങ്ങള്‍ അധികമൊന്നും എവിടേയും ഉയര്‍ന്നില്ല. കാര്യമായ കാട്ടുതീയില്ലാതെ കടന്നുപോകുന്ന വേനല്‍ കൂടിയാണിത്. ഫയര്കോളുകള് കുറഞ്ഞ് ഫയര്‍ഫോഴ്സിനും ഇക്കുറി പണി കുറച്ചു. പുല്ല് നിറഞ്ഞത് ആടുമാടുകള്ക്കെല്ലാം നല്ല തീറ്റയായി. ഇതുവഴി പാല് ഉത്പാദനവും ഉയര്‍ന്നു.
ക്ഷീര സംഘങ്ങളില്‍ 100 മുതല്‍ 300 ലിറ്റര്‍ വരെ പാല് ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോരഞ്ചിറ പൊക്കലം ക്ഷീര സംഘത്തില്‍ 300 ലിറ്ററിന്റെ വര്‍ധനവുണ്ടെന്നു സംഘം സെക്രട്ടറി പറഞ്ഞു. പച്ചപ്പുല്ലിനായി കര്‍ഷകര്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയില്ല. എവിടേയും പുല്‍ക്കാടുകളാണ്. റബര്‍, തെങ്ങ്, കുരുമുളക് തുടങ്ങി തോട്ടവിളകള്‍ക്കും വേനല്‍മഴ ഗുണകരമായി. മഴയില്‍ തോട്ടങ്ങള്‍ കാടുമൂടുന്നത് കര്‍ഷകരെ വലയ്ക്കുന്നുണ്ട്. പറമ്പ് നനയും ഈ വര്‍ഷം നേരത്തെ തന്നെ നിര്‍ത്തി. നെല്‍പ്പാടങ്ങളും വെള്ളം നിറഞ്ഞുകിടക്കുകയാണ്.
ഇതിനാല്‍ ഒന്നാംവിള പൊടി വിത പലയിടത്തും നടന്നിട്ടില്ല. ഇനി ചേറ്റില്‍ വിത്തിടുകയോ അതല്ലെങ്കില്‍ ഞാറുനടീലോ വേണ്ടിവരും. കാലവര്‍ഷവും വൈകാതെ എത്തുമെന്ന പ്രവചനമുള്ളതിനാല്‍ നടീല്‍ തന്നെ വേണ്ടിവരും. ഇതു കര്‍ഷകര്‍ക്കു ചെലവ് കൂട്ടുമെന്നു വടക്കഞ്ചേരി ജൈവ പാടശേഖരസമിതി സെക്രട്ടറി മാധവന് പറഞ്ഞു. ഒന്നാം വിള കൃഷി ഉപേക്ഷിച്ച് രണ്ടാംവിള നേരത്തെ നടത്താമെന്ന് കണക്കുകൂട്ടുന്ന കര്‍ഷകരുമുണ്ട്. വേനല്‍ മഴ കൂടിയത് പാടങ്ങളില്‍ കള കൂട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തോടുകളിലും പുഴകളിലും വെള്ളത്തിന്റെ ഒഴുക്കായി. കിണറുകളും ഉയര്‍ന്ന ജലനിരപ്പിലാണ്.
പതിവുകളില്‍ നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ കുട നന്നാക്കുന്നവരും വഴിയരികില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മംഗലംഡാമിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. 77.88 മീറ്റര്‍ പരമാവധി ജല സംഭരണശേഷിയുള്ള മംഗലംഡാമില്‍ ഇന്നലത്തെ കണക്കനുസരിച്ച് 68.08 മീറ്ററാണ് ജലനിരപ്പ്.കഴിഞ്ഞ മാസം തൃശൂര്‍ ചീരക്കുഴി പദ്ധതിയിലേക്ക് രണ്ടാഴ്ച കാലം മംഗലം ഡാമില്‍ നിന്നും മംഗലം പുഴ വഴി വെള്ളം വിട്ടിരുന്നു. ഇതിനാലാണ് വെള്ളം കുറച്ചെങ്കിലും താഴ്ന്നത്.
അതല്ലെങ്കില്‍ ഏറ്റവും മികച്ച ജലസംഭരണം മംഗലം ഡാമില്‍ ഉണ്ടാകുമായിരുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ടെന്ന് ഡാം ഇറിഗേഷന്‍ ഓവര്‍സിയര്‍ ബൈജു പറഞ്ഞു. മേയ് മാസം ആദ്യത്തില്‍ തുടര്‍ച്ചയായ നീരൊഴുക്ക് അപൂര്‍വ സംഭവങ്ങളാണ്.
ഇനി കാലവര്‍ഷ മഴയില്‍ മംഗലംഡാം വേഗത്തില്‍ നിറയുന്ന സാഹചര്യമാകും. ഡാമിലെ മണ്ണെടുപ്പ് പ്രവൃത്തികളെല്ലാം പാതിവഴിയില്‍ നിലച്ചതിനാല്‍ ജലസംഭരണം കൂട്ടാനുള്ള സംവിധാനമൊന്നും ഇക്കുറിയും ആയിട്ടില്ല. നിലക്കാത്ത വേനല്‍മഴ ആഘോഷങ്ങള്‍ക്കെല്ലാം മങ്ങലേറ്റു.
മഴ മാറി സ്കൂള്‍ തുറക്കുന്നതിനുമുൻപുള്ള രണ്ടാഴ്ച സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് മംഗലംഡാം ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങള്‍.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.