കാനയിൽ വീണ് കുട്ടിക്കൊമ്പൻ ചരിഞ്ഞു.

പാലക്കാട്: കാട്ടാനക്കൂട്ടത്തിലെ ഒന്നര മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ കാനയില്‍ വീണ് ചെരിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ്‌ കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ കുഴിയില്‍ വീണ്‌ ചെരിഞ്ഞത്‌. സ്ഥലത്ത്‌ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ പുതുശേരി സൗത്ത്‌ സെക്‌ഷന്‍ ഓഫിസര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വിരട്ടി ഓടിച്ചു.

തുടര്‍ന്ന് രാവിലെ എട്ടിന്‌ ആനയുടെ ജഡം വാഹനത്തില്‍ കയറ്റി വാളയാര്‍ നടുപ്പതി ഊരിലെത്തിച്ചു. തൃശൂരില്‍ നിന്നുള്ള വെറ്ററിനറി സര്‍ജന്‍ എ.ഡേവിഡ്‌ എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി. വാളയാര്‍ റേഞ്ച്‌ ഓഫിസര്‍ ആഷിക്‌ അലി, സെക്ഷന്‍ ഫോറസ്റ്റര്‍ വി.സുരേഷ്‌ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഉച്ചയോടെ നടുപ്പതി ഊരില്‍ ആനയുടെ ജഡം സംസ്‌കരിച്ചു.

കുട്ടിയാനയെ മാറ്റിയിട്ടും ഐഐടി പരിസരത്തും പന്നിമടയിലും കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചു. പടക്കമെറിഞ്ഞും തീപ്പന്തം കാണിച്ചും വനം വാച്ചര്‍മാരുടെ നേതൃത്വത്തില്‍ വൈകിട്ടോടെ ഇവയെ ഉള്‍ക്കാട്ടിലേക്ക്‌ കയറ്റി. ആനക്കൂട്ടത്തിലെ പ്രായം കുറഞ്ഞ കൊമ്പനാണ് ചെരിഞ്ഞത്‌. 16 അംഗ ആനക്കൂട്ടത്തിലെ മൂന്ന് ആനകള്‍ കഴിഞ്ഞ വര്‍ഷം നവക്കരയില്‍ ട്രെയിനിടിച്ച്‌ ചെരിഞ്ഞിരുന്നു.