നെല്ലിയാമ്പതിയിലും കാട്ടാനകള്‍ ജനവാസ മേഖലയില്‍.

✒️ബെന്നി വർഗീസ്

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലും, പാടികളിലുമായി കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാകുന്നു. വനമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ സാധാരണ കാട്ടാനകള്‍ കൂട്ടമായും, ഒറ്റയ്ക്കും ഇറങ്ങാറുണ്ടെങ്കിലും ജനവാസ മേഖലകളിലേക്ക് എത്തുന്നതാണ് ഇപ്പോള്‍ പതിവായിരിക്കുന്നത്. ഇതോടെ പാടികളില്‍ കഴിയുന്ന തോട്ടം തൊഴിലാളികളും, നെല്ലിയാമ്പതി കാണാനെത്തുന്ന വിനോദ സഞ്ചാരികളും ഭീതിയിലായിരിക്കുകയാണ്.

നെല്ലിയാമ്പതി ചുരം പാതയില്‍ രണ്ടു വര്‍ഷം മുമ്പ് പ്രസവിച്ച കുട്ടിയുള്‍പ്പെടുന്ന പിടിയാനയും, കൊമ്പനും ഉള്‍പ്പെടുന്ന ആനകൂട്ടം സാധാരണ പാതയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇവ വാഹനഗതാഗതം തടസ്സപ്പെടുത്തും എന്നതല്ലാതെ ഉപദ്രവ സ്വഭാവം കാണിക്കാറില്ലെന്ന് വനപാലകള്‍ പറയുന്നു. എന്നാല്‍ വിനോദ സഞ്ചാരികള്‍ ഇതിനു മുന്നില്‍ സാഹസിക സെല്‍ഫിയെടുക്കുന്നതും, ബഹളം വെയ്ക്കുന്നതും വാഹനത്തിന്റെ ഹോണ്‍ മുഴക്കുന്നതും ഒഴിവാക്കണമെന്നും വനപാലകര്‍ ആവശ്യപ്പെടുന്നു.

നെല്ലിയാമ്പതിയിലെ തോട്ടം മേഖലയായ ലില്ലി, കൂനംപാലം, കാരപ്പാറ, പാടഗിരി, പോത്തുപാറ തുടങ്ങിയ ഭാഗങ്ങളിലാണ് അടുത്തിടെയായി കാട്ടാനകള്‍ ഇറങ്ങി വീടുകളിലെ ചക്കയും, മാങ്ങയും ഉള്‍പ്പെടെ തിന്നു മടങ്ങുന്നത്. രാപ്പകല്‍ ഭേദമില്ലാതെ ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയില്‍ കഴിയുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പ് ആലത്തൂരില്‍ നിന്ന് നെല്ലിയാമ്പതി കാണാനെത്തിയ നവദമ്പതികള്‍ക്ക് ആനയുടെ തട്ടേറ്റ് പരിക്കേറ്റിരുന്നു.