റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് പണികൾ ആരംഭിച്ചു.

✒️ബെന്നി വർഗീസ്‌

മംഗലംഡാം: മഴക്കാലത്തു റബ്ബർ ടാപ്പിങ് നടത്തുന്നതിനു മരങ്ങളിൽ മഴ മറ (റെയിൻ ഗാർഡ്) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളിൽ സജീവം. കനത്ത വേനൽ മഴ മൂലം റെയിൻ ഗാർഡ് ജോലികൾ ആരംഭിക്കാൻ തടസ്സമായി നിന്നിരുന്ന മഴയ്ക്ക് താൽക്കാലിക ശമനമായതോടെ റബ്ബർ കർഷകർ റെയിൻ ഗാർഡ്, റബ്ബർ മരങ്ങളിൽ പിടിപ്പിക്കുന്ന തിരക്കിലാണ്.

ഞൊറി വെച്ച് മരങ്ങളിൽ ഒട്ടിക്കുന്നതിനുള്ള പ്ലാസ്റ്റിക് കടലാസ്സ്, ടാർ നിർമ്മിത പശ, ടേപ്പ്, ക്ലിപ്പ് തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനും മഴക്കു മുമ്പായി മരങ്ങളിൽ സ്ഥാപിക്കുന്നതിനും വേണ്ട ഒരുക്കങ്ങളിൽ റബ്ബർ കൃഷി മേഖല വ്യാപകമായതോടെ മായി കർഷകർ.

റബ്ബർ ബോർഡ് 100 ശതമാനം സബ്സിഡി നിരക്കിൽ രണ്ട് ഹെക്ടർ വരെ യുള്ള കർഷകർക്ക് റെയിൻ ഗാർഡ് സംവിധാനം ഒരുക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റും പശയും റബ്ബർ ഉൽപ്പാദക സംഘങ്ങൾ മുഖേന പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്യുന്നുണ്ട്. മാർച്ച് മാസത്തിൽ തന്നെ ഇതിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി പണമടച്ച കർഷകർക്കാണ് ഇപ്പോൾ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ റബ്ബർ ബോർഡ് ഉൽപ്പാദക സംഘങ്ങൾ മുഖേന വിതരണം ചെയ്തത്.

പ്ലാസ്റ്റിക്കിടുന്നതിന് മരത്തിന് 55 രൂപയോളം ചിലവു വരുമെന്ന് കർഷകർ പറയുന്നു. പ്ലാസ്റ്റിക്ക് പിടിപ്പിച്ചുതരുന്നതിനു മരത്തിനു 10 – 12 രൂപയാണ് കൂലി. വെട്ടു പട്ടക്ക് മുകളിലായി പശ തേക്കേണ്ട സ്ഥലത്തെ തൊലിയിലെ മൊരി ചുരണ്ടിക്കളഞ്ഞ് പശ തേച്ച് ഞൊറി വെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ച് അതിനുമുകളിൽ മഴവെള്ളം ഇറങ്ങാത്ത രീതിയിൽ ടേപ്പ് ഒട്ടിച്ച് സ്ട്രാപ്ലർ ക്ലിപ്പ് ചെയ്താണ് മരങ്ങളിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നത്. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കുന്നതിന് ഒരേസമയം 5 തൊഴിലാളികളുടെ സേവനം ആവശ്യമുണ്ട്. തൈ റബ്ബറുള്ളവരും നാമമാത്ര കർഷകരും റെഡിമെയ്ഡ് ഷെയ്ഡുകളും റബ്ബർ മരങ്ങളിൽ പിടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ടാപ്പിങ് നിറുത്തിവച്ച തോട്ടങ്ങളും ചില തോട്ടങ്ങൾ കഴിഞ്ഞ വർഷം റബ്ബർ വില കുറവു മൂലം ടാപ്പിഗ് നടത്താത്ത തോട്ടങ്ങളുമാണിപ്പോൾ ടാപ്പിങ്ങിനായി ഷെയ്ഡ് ഇടാൻ തുടങ്ങിയത്.

കേരള സർക്കാർ പ്രഖ്യാപിച്ച 170 രൂപയുടെ താങ്ങുവില പരിധിയിൽ ഇനിയും റബ്ബർ വില എത്താത്തതിനാൽ നിരവധി കർഷകർ മഴക്കാല ടാപ്പിംഗ് മുൻ വർഷങ്ങളിലെപ്പോലെ ഒഴിവാക്കുന്നുണ്ട്. റെയിൽ ഗാഡ് പിടിപ്പിക്കുന്നതിനു വേണ്ട പ്ലാസ്റ്റിക്കും പശയും മറ്റു സാമഗ്രികളും പൊതുവിപണിയിൽ വില ഉയർന്നെങ്കിലും റബ്ബർ ബോർഡ് സഹായം ഒരുപരിധിവരെ കർഷകർക്ക് താങ്ങായി.

കനത്ത മഴയ്ക്ക് മുമ്പ് തന്നെ റബ്ബർ മരങ്ങളിൽ പശതേച്ച് റെയിൻ ഗാർഡ് ചെയ്തില്ലെങ്കിൽ മഴയിൽ പശ മരത്തിൽ ഒട്ടിപ്പിടിക്കാതിരിക്കൂകയും, ടാപ്പിംഗ് നടക്കുമ്പോൾ മഴ വെള്ള മിറങ്ങി റബ്ബർ പാൽ നഷ്ടപ്പെടുകയും ചെയ്യും.

കാലവർഷം നേരത്തെ സജീവമാകുമെന്ന മുന്നറിയിപ്പും, മഴ ഒഴിവായ ചുരുങ്ങിയ സമയത്തിനുള്ളിൽ റെയിൻ ഗാർഡ് സ്ഥാപിക്കാൻ കഴിയാതെ വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

പ്രാദേശിക റബ്ബർ ഉൽപ്പാദക സൊസൈറ്റികൾ വഴി പ്ലാസ്റ്റിക്ക് സാമഗ്രികൾ ഭാഗികമായി എത്തിയെങ്കിലും, കർഷകർക്ക് പൂർണ്ണമായ തോതിൽ ലഭിക്കാത്തതിനാൽ പൊതുവിപണിയിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ട്. റെയിൻ ഗാർഡ് ചെയ്യാനുള്ള പ്ലാസ്റ്റിക് ഷീറ്റ് പൊതു വിപണിയിൽ കിലോഗ്രാമിന് 180 മുതൽ 190 വരെയും, ടാർ മിശ്രിത പശ 58 മുതൽ 65 രൂപയ്ക്കുമാണ് വിപണിയിൽ വിൽക്കുന്നത്.