സിവിൽ സർവീസിൽ മലയാളികളിൽ രണ്ടാം റാങ്ക് സ്വന്തമാക്കി പാലക്കാട്ടുകാരിയായ രമ്യ.

പാലക്കാട്: കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയതാണ് രമ്യയെന്ന പാലക്കാട്ടുകാരി ഈ സിവില്‍ സര്‍വീസ് നേട്ടം. ഇത്തവണത്തെ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ മലയാളികളില്‍ രണ്ടാമതാണ് രമ്യ. ജോലി ചെയ്ത് പഠിച്ചാണ് സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 46-ാം റാങ്ക് കരസ്ഥമാക്കിയത്. പാലക്കാട് നെന്മാറ സ്വദേശി പരേതനായ ആര്‍. ചന്ദ്രശേഖരന്റെയും കടമ്പഴിപ്പുറം സ്വദേശി ആര്‍. മുത്തുലക്ഷ്മിയുടെയും ഏക മകളാണ് രമ്യ.

പാലക്കാട് ആണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി കോയമ്പത്തൂരിലെ രാംനഗര്‍ കാട്ടൂരിലാണ് രമ്യ താമസിക്കുന്നത്. അതുകൊണ്ട് തന്നെയാകാം ഈ നേട്ടം അറിയാന്‍ കേരളം വൈകി പോയതും. പഠനത്തിനുള്ള ചെലവ് കണ്ടെത്താനും വീട്ടു ചെലവുകള്‍ക്കായും ഡേറ്റാ എന്‍ട്രി, ഡേറ്റാ കലക്‌ഷന്‍ ഉള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്താണ് രമ്യ പഠനവും കൊണ്ടുപോയത്.

അച്ഛന്റെ മരണമായിരുന്നു രമ്യയുടെ ജീവിതത്തെ മാറ്റി മറിച്ചത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വത്തം രമ്യയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. നിരന്തരമായ ശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഈ വിജയം രമ്യ സ്വന്തമാക്കിയത്. തന്റെ ആറാം ശ്രമത്തിലാണ് രമ്യ ഈ നേട്ടം സ്വന്തമാക്കിയത്. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു.

2015ലാണു ആദ്യമായി സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയത്. ആദ്യത്തെ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും മെയിന്‍സ് തുണച്ചില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ മെയിന്‍സും കടന്നെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടു. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പണം വില്ലനായതിനാല്‍ പരിശീലനത്തിന് പോകാന്‍ സാധിച്ചില്ല. പിന്നീട് ആമസോണില്‍ ജോലിക്കു ചേര്‍ന്നെങ്കിലും പഠനത്തോടൊപ്പം ജോലി കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും കുടുംബം നോക്കാന്‍ തുടര്‍ന്നും ചെറിയ ജോലികള്‍ ചെയ്തു. അങ്ങനെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇക്കുറി ആറാം ശ്രമത്തില്‍ രമ്യ സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കി.

കേരളത്തിന്റെ പട്ടിക ലിസ്റ്റില്‍ മാത്രമല്ല, തമിഴ്നാട് സംസ്ഥാന തലത്തിലും രമ്യ റാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തിലെ പഠനത്തില്‍ മിടുക്ക് പുലര്‍ത്തിയിരുന്നു രമ്യ. പത്താം ക്ലാസില്‍ തമിഴ്നാട്ടില്‍ രണ്ടാം റാങ്കുണ്ടായിരുന്നു. എന്‍ജിനീയറിങ് ഡിപ്ലോമ സ്വര്‍ണ മെഡലോട് കൂടിയും ബിടെക് മികച്ച ഔട്ട്സ്റ്റാന്‍ഡിങ് സ്റ്റുഡന്റ് എന്ന നിലയിലും പാസായി. ഒപ്പം ഇഗ്നോയില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. ഐഎഫ്‌എസ് തിരഞ്ഞെടുക്കാനാണു താല്‍പര്യം.