ആലത്തൂരിൽ ടോറസ് ലോറി ഇടിച്ചു കാർ മറിഞ്ഞു.

ആലത്തൂർ : ദേശീയപാതയിൽ ആലത്തൂർ ഇരട്ടക്കുളം പെട്രോൾ പമ്പിന്‌ സമീപം ടോറസ് ലോറി പിന്നിലിടിച്ച് കാർ മറിഞ്ഞു. കാർ യാത്രക്കാരായ മലമ്പുഴ ധോണി ചൂരപൊയ്കയിൽ എത്സമ്മ (60), മകൻ ജിനേഷ് ജയിംസ് (28), വീട്ടുസഹായി ജയന്തി (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

പാലക്കാട്ടേക്ക് വരികയായിരുന്ന കാറിന് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ കയറി മറിഞ്ഞു.

ആലുവയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം പാലക്കാട്ടേക്കുള്ള ദിശയിൽ ഗതാഗതം തടസ്സപ്പെട്ടു. ആലത്തൂർ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.