അപകടസ്ഥലത്തെ വഴിയടച്ചു; ഭീഷണിയുയർത്തി മറ്റൊന്ന് നിർമിക്കുന്നു.

വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പന്തലാംപാടത്ത് സൈക്കിളിൽ കാറിടിച്ച് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് ഡിവൈഡറിനു കുറുകെയുള്ള വഴി റോഡുനിർമാണ കമ്പനി അടച്ചു. അതേസമയം, 20 മീറ്റർ മാറി കൂടുതൽ അപകടഭീഷണി ഉയർത്തി ഡിവൈഡർ പൊളിച്ച് മറ്റൊരു വഴിയുടെ നിർമാണവും ആരംഭിച്ചു.
പന്തലാംപാടത്തുനിന്ന് കല്ലിങ്കൽപ്പാടം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് നേരത്തെ ഡിവൈഡറിനു കുറുകെ വഴിയുണ്ടായിരുന്നത്. ഇതുവഴി കടന്നാൽ നേരിട്ട് കല്ലിങ്കൽപ്പാടം റോഡിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ പുതുതായി നിർമിക്കുന്ന വഴിയിലൂടെ കടന്നാൽ ആറുവരിപ്പാതയിലൂടെ തെറ്റായ ദിശയിലൂടെ വന്ന് കല്ലിങ്കൽപ്പാടം റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കും.

രണ്ടുവർഷത്തിനിടെ 11 മരണം, 60 അപകടങ്ങൾ

ആറുവരിപ്പാതയിൽ വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കുമിടയിൽ രണ്ടുവർഷത്തിനിടെ അറുപതോളം അപകടങ്ങൾ നടന്നു. 11 പേർ മരിച്ചു. ഡിവൈഡറിനു കുറുകെയുള്ള വഴിയിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂരിഭാഗം അപകടങ്ങളും നടന്നത്. ചൊവ്വാഴ്ച പന്തലാംപാടത്ത് സൈക്കിളിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് എട്ടാംക്ലാസ് വിദ്യാർഥി ഷാരോൺ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
റോഡ് മുറിച്ചുകടക്കാൻ ഡിവൈഡറിനു കുറുകെ വഴിയുള്ള ചുവട്ടുപാടം, പന്തലാംപാടം, വാണിയമ്പാറ എന്നിവിടങ്ങളിലാണ് സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്നത്. ഇവിടങ്ങളിൽ സൂചനാബോർഡുകളോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ ഇല്ല. ഡിവൈഡറിനുകുറുകെ വഴിയൊരുക്കുമ്പോൾ ഇവിടേക്ക് വാഹനങ്ങൾക്ക് സാവധാനം പ്രവേശിക്കുന്നതിനായി പ്രത്യേക ട്രാക്കും നിർമിക്കണം. ആറുവരിപ്പാതയിൽ ഒരിടത്തുപോലും ഇതില്ല. അതല്ലെങ്കിൽ അടിപ്പാതകൾ നിർമിക്കണം. വടക്കഞ്ചേരി കഴിഞ്ഞാൽ കുതിരാൻ തുരങ്കവും കടന്ന് 15 കിലോമീറ്റർ അകലെ വഴുക്കുംപാറയിലാണ് അടിപ്പാതയുള്ളത്.

അപകടങ്ങൾ നടക്കുമ്പോൾ ദേശീയപാതാ അതോറിറ്റിയും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. സംഘവും സ്ഥലം പരിശോധിച്ച് പോകുന്നുണ്ടെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. പന്തലാംപാടം സ്കൂൾ സ്റ്റോപ്പിൽ വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി നടപ്പാലം നിർമിക്കാമെന്ന് റോഡുനിർമാണക്കമ്പനി അഞ്ചുവർഷം മുമ്പേ പറഞ്ഞിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല. പ്രദേശവാസികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സർവീസ് റോഡിന്റെ നിർമാണവും പൂർത്തിയായിട്ടില്ല.