ഒന്നാംവിള നടീൽ കഴിഞ്ഞ പാടശേഖരങ്ങളിൽ ഞണ്ടുകളുടെ ആക്രമണം വ്യാപകം.

✒️ബെന്നി വർഗീസ്

നെന്മാറ: ഉഴുതുമറിച്ച് നടീൽ പൂർത്തിയാക്കിയ പാടശേഖരങ്ങളിൽ ചെറിയ ഞണ്ടുകളുടെ ആക്രമണം വ്യാപകമായതിനെ തുടർന്ന് നട്ട നുരികളിലെ നെൽച്ചെടികളുടെ എണ്ണം കുറയുന്നു. ഞണ്ടിൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മണ്ണിനോട് ചേർന്ന ഭാഗത്ത് വെച്ച് നെൽച്ചെടികൾ മുറിച്ചുകളഞ്ഞ് വ്യാപകമായി കൃഷി നാശം വരുത്തുകയാണ് ചെയ്യുന്നത്. അയിലൂർ പഞ്ചായത്തിലെ ഒറവൻചിറ, ചെട്ടികുളമ്പ്, മരുതഞ്ചേരി, തളിപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായി ഞണ്ടു ശല്യം കാണുന്നത്. വെള്ളം കെട്ടി നിർത്തിയ നെൽപ്പാടങ്ങളിലാണ് നടീൽ കഴിഞ്ഞ് ദിവസങ്ങൾക്കകം നെൽച്ചെടികൾക്ക് വ്യാപകമായ നാശം ഉണ്ടായത്. ദിവസം കഴിയുന്തോറും നെൽച്ചെടികൾ മുറിഞ്ഞ് വെള്ളത്തിൽ പാറി കിടക്കുകയാണ് ഇതോടെ നട്ട് നുരകൾ തമ്മിലുള്ള അകലം വർദ്ധിച്ച് പാടങ്ങളിൽ നെൽച്ചെടികൾ ഇല്ലാത്ത സ്ഥലങ്ങൾ വർദ്ധിക്കുകയാണ്. നടീൽ കഴിഞ്ഞ് ഞാറ്റടികൾ സൂക്ഷിക്കാത്തതിനാൽ മിക്ക കർഷകർക്കും നെൽച്ചെടികൾ നശിച്ച സ്ഥലത്ത് വീണ്ടും നട്ടു കൊടുക്കാൻ ഞാറ്റടികളില്ലാത്ത സ്ഥിതിയാണ്.

ഞണ്ടുകളുടെ ആക്രമണം ഇല്ലാതാക്കാൻ കർഷകർ പാടങ്ങളിൽ വെള്ളം വാർത്ത് കളഞ്ഞ് കീടനാശിനി പ്രയോഗം നടത്തുകയാണ്. അതിഥി തൊഴിലാളികൾ നട്ട നെൽപ്പാടങ്ങളിൽ നുരികൾ കുറവായതിനാൽ പാടങ്ങളിൽ നെൽച്ചെടികളുടെ എണ്ണം വളരെ വേഗം കുറഞ്ഞു വരുന്നുണ്ട്. സാധാരണ ഞണ്ടുകളെ പ്രകൃത്യാ നിയന്ത്രിക്കാൻ വിവിധ തരം പക്ഷികളും, കൊക്കുകളും നെൽപ്പാടങ്ങളിൽ സജീവമായി ഞണ്ടുകളുടെ എണ്ണം നിയന്ത്രിക്കാറുള്ളത്. ഇക്കുറി എല്ലായിടത്തും ഒരുമിച്ച് നടീൽ വന്നതിനാലും കൊക്കുകളും നീർ പക്ഷികളും ഞണ്ടുകളെ നിയന്ത്രിക്കുന്നതിൽ കുറവ് വന്നതെന്നും മഴ കുറവു വന്നത് ഞണ്ടുകളുടെ വംശവർദ്ധനയ്‌ക്ക് കാരണമായെന്ന് കർഷകരും പ്രദേശവാസികളും അഭിപ്രായപ്പെട്ടു.