ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഈ മാസം 29ന്.

ആലത്തൂർ: ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റ് 29 ന് വൈകുന്നേരം 3:30 ന് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു അധ്യക്ഷയായി. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. അലീമ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ. ഷൈനി, സി.രമേഷ് കുമാർ, പഞ്ചായത്തംഗം ഐ.നജീബ് എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഫ്ലമി ജോസ് സ്വാഗതവും, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഫ്ലമി ജോസ് (കൺവീനർ), രജനി ബാബു (ചെയർമാൻ).

സംസ്ഥാനത്തെ 44 ആശുപത്രികളിൽ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതിലെ ഒന്നാണ് ആലത്തൂർ താലൂക്ക് ആശുപത്രി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ആശുപത്രിയിൽ 5 ഡയാലിസിസ് കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. സിവിൽ വർക്കുകൾ പൂർത്തിയാക്കി. കെ എം എസ് സി എൽ ഉപകരണങ്ങളും ആശുപത്രിയിൽ സ്ഥാപിച്ചു .യൂണിറ്റിലേക്കുള്ള ജനറേറ്റർ വിതരണവും പൂർത്തിയായതോടെയാണ് യൂണിറ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പദ്ധതി പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. നിയമസഭയിൽ പല തവണ കെ.ഡി. പ്രസേനൻ എം.എൽ.എ ഇക്കാര്യം ഉന്നയിക്കുകയും മന്ത്രിമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന ഒട്ടേറെ പാവങ്ങൾക്ക് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സഹായമാവും.