നെല്ലിയാമ്പതിയിൽ മഴ ശക്തം; നൂറടി പ്രദേശം വീണ്ടും വെള്ളത്തിൽ.

നെല്ലിയാമ്പതി: കാലാവർഷം ശക്തമായതിനെ തുടർന്ന് നെല്ലിയാമ്പതി പ്രദേശത്ത്‌ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നു. കനത്ത മഴയും, മണ്ണിടിച്ചിലിനെയും തുടർന്ന് തിങ്കളാഴ്ച നെല്ലിയാമ്പതിയിലേക്കുള്ള ബസ് ഗതാതം പൂർണമായും തടസ്സപ്പെട്ടു. ചൊവ്വാഴ്ച മുതലാണ് ബസ് ഗതാതം പുനസ്ഥാപിക്കപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് നെല്ലിയമ്പതിയിലെ നൂറടി പ്രദേശം വീണ്ടും വെള്ളത്തിന്റെ പിടിയിലായി.

ആയുർവേദ ആശുപത്രി, നൂറടിപാലം സബ്‌സെന്റർ, നൂറടിപാലം അംഗൻവാടി കൂടാതെ ഇരുപതോളം കടകളിലും, വീടുകളിലും രണ്ടാം തവണയും വെള്ളം കയറി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് നൂറടി പ്രദേശം ഈ വർഷം ആദ്യമായി വെള്ളത്തിന്റെ പിടിയിലായത്. ഇത് കൂടാതെ ലില്ലി, അലക്സാൻഡ്രിയ, സീതർക്കുണ്ട്, കോട്ടയങ്ങാട് എന്നീ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുളപൊട്ടാലും സംഭവിച്ചിട്ടുണ്ട്. പാടഗിരി, നൂറടി പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്നും 27 പേരെ ദുരിതശ്വാസ ക്യാമ്പിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

പാടഗിരിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കൈകാട്ടി ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജ്യോതി സാബു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ആരോഗ്യം ജോയസൺ, അസ്ഫൽ. ബി, സൈനു സണ്ണി വില്ലേജ് ഓഫീസർ സിയാദ് എന്നിവർ എല്ലാ ദിവസവും ക്യാമ്പ് നിവാസികളെ സന്ദർശിക്കുകയും ഡോക്ടറുടെ നേതൃത്വത്തിൽ വൈദ്യപരിശോധനയും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു.