November 22, 2025

പൊന്നോണത്തിന് കാരുണ്യസ്പർശവുമായി കിഴക്കഞ്ചേരി പഞ്ചായത്തും, ഹെൽത്ത് സെന്ററും, തൃശ്ശൂർ ഗോൾഡൻ ജ്വല്ലേഴ്‌സും കൈകോർത്തു.

കിഴക്കഞ്ചേരി: കാലം രോഗശയ്യയിലാക്കിയ നിർധനരായ കിടപ്പുരോഗികൾക്ക് പൊന്നോണത്തിന് കരുണയുടെ സ്നേഹസ്പർശം നൽകാൻ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തും, കിഴക്കഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററും തീരുമാനിച്ചപ്പോൾ കാരുണ്യ പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി തൃശ്ശൂർ ഗോൾഡൻ ജ്വല്ലേഴ്‌സും ഒപ്പം നിന്നു. കിഴക്കഞ്ചേരി FHC ക്ക്‌ കീഴിൽ വരുന്ന നൂറു നിർധനരായ കിടപ്പുരോഗികൾക്ക് (പാലിയേറ്റീവ് )ഓണം പ്രമാണിച്ച് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയാണ് തൃശ്ശൂർ ഗോൾഡൻ ജ്വല്ലേഴ്‌സ് സ്പോൺസർ ചെയ്തത്.

കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് കവിത മാധവൻ, അരി പാക്കറ്റ് ആശുപത്രി സൂപ്രണ്ട് ഷീന സ്റ്റെർലിൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബെന്നി ഏലിയാസ്, സാം കൃഷ്ണ എന്നിവർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു. ആരോഗ്യകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ രതിക മണികണ്ഠൻ, വാർഡ് അംഗങ്ങളായ സലിം പ്രസാദ്, മറിയക്കുട്ടി, പഞ്ചായത്ത്‌ സെക്രട്ടറി ഹരിദാസ്, ‘ന്യൂസ്‌ പാലക്കാട്‌’ ഓൺലൈൻ ന്യൂസ്‌ പോർട്ടൽ ചീഫ് എഡിറ്റർ സന്തോഷ്‌ കുന്നത്ത്, പ്രവാസി സഹകരണ സൊസൈറ്റി ഡയഡക്ടർ ബോർഡ് അംഗം മജീദ്, പാലിയേറ്റീവ് നേഴ്‌സ് ജയ അംഗൻ വാടി ടീച്ചർമാർ, ഹെൽപ്പർമാർ, ഐ സി ഡി സി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ശേഷം ആരോഗ്യവകുപ്പ് അധികൃതർ പഞ്ചായത്തിലുള്ള കിടപ്പു രോഗികൾക്ക് വീടുകളിലെത്തി അരി പാക്കറ്റുകൾ വിതരണം ചെയ്തു.