വടക്കഞ്ചേരി : പന്നികളെ കയറ്റിക്കൊണ്ടുപോകുന്നതിന് സംസ്ഥാനസർക്കാരിന്റെ നിരോധനം നിലനിൽക്കെ, നിയമംലംഘിച്ച് തമിഴ്‌നാട്ടിൽനിന്നെത്തിയ വാഹനങ്ങൾ പന്നിഫാം കർഷകർ തടഞ്ഞു. വിഷയം മൃഗസംരക്ഷണവകുപ്പധികൃതരെ അറിയിച്ചെങ്കിലും വെള്ളിയാഴ്ചരാത്രി വൈകീട്ടും നടപടികളെടുക്കാനാകാതെ വെട്ടിലായിരിക്കുകയാണ് അധികൃതർ.ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസക്കുസമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പന്നികളുടെ സംരക്ഷണമാണ് അധികൃതർക്ക് തലവേദയായിരിക്കുന്നത്. അനധികൃതമായി കടത്തിക്കൊണ്ടുവന്നതിനാൽ തിരിച്ചുവിടാനാകില്ല. പന്നികളെ കയറ്റിയവാഹനം റോഡരികിൽത്തന്നെ നിർത്തിയിരിക്കുകയാണ്.വാഹനത്തിനുള്ളിലെ കൂട്ടിൽ തിങ്ങിഞെരുങ്ങിയനിലയിലാണ് പന്നികൾ. പലതും അവശനിലയിലായി. രൂക്ഷഗന്ധം വ്യാപിക്കുന്നതിനാൽ നാട്ടുകാരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പാണ് നടപടിയെടുക്കേണ്ടതെന്നനിലപാടിൽ, വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയോ കേസ് രജിസ്റ്റർചെയ്യുകയോ ചെയ്തിട്ടില്ല പോലീസ്.കേരളത്തിൽ ‘ആഫ്രിക്കൻ പന്നിപ്പനി’ സ്ഥിരീകരിച്ചതോടെയാണ് പന്നികളെ കൊണ്ടുപോകുന്നതിന് സർക്കാർ നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷന്റെയും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പന്നികളെ കയറ്റിവന്ന വാഹനങ്ങൾ തടഞ്ഞത്.വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെ സേലത്തുനിന്നെത്തിയ ലോറിയും പുലർച്ചെ നാലുമണിയോടെ കോയമ്പത്തൂരിൽനിന്നെത്തിയ പിക്കപ്പ് വാനുമാണ് തടഞ്ഞത്. വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് അസോസിയേഷൻ പ്രതിനിധികളും സ്ഥലത്തെത്തിയ വടക്കഞ്ചേരി പോലീസും തമ്മിൽ വാക്കേറ്റവും നടന്നു. തുടർന്ന്, വാഹനങ്ങൾ ടോൾപ്ലാസക്കുസമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് ഇറക്കിനിർത്തുകയായിരുന്നു. ലോറിയിൽ 60 പന്നികളും പിക്കപ്പ് വാനിൽ 28 പന്നികളുമാണ് ഉള്ളത്.ഇരുവാഹനത്തിലെയും ഏതാനും പന്നികളുടെ രക്തം ശേഖരിച്ച് ബെംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കയക്കുകയാണ് ആദ്യനടപടിയെന്ന് മൃഗരോഗനിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ എസ്. ശെൽവമുരുകൻ പറഞ്ഞു. ഫലംവരാൻ നാലോ അഞ്ചോ ദിവസമെടുക്കും. അതുവരെ ഉടമകളുടെ ചെലവിൽ പന്നികളെ സംരക്ഷിക്കണം.പനിയുണ്ടെന്ന് സ്ഥിരീകരിച്ചാൽ പന്നികളെമുഴുവൻ കൊന്ന് കുഴിച്ചുമൂടും. പനിയില്ലെങ്കിൽ സർക്കാരിന്റെ മീറ്റ് പ്രോഡക്ഡ് ഓഫ് ഇന്ത്യക്ക് ഇറച്ചിക്കായി കൈമാറും.വാളയാറിൽ ആർ.ടി.ഒ. ചെക്‌പോസ്റ്റുവഴി അനുമതിയോടെയാണ് തങ്ങൾ കേരളത്തിലേക്ക് വന്നതെന്ന് വാഹനത്തിലെ ഡ്രൈവർമാർ പറഞ്ഞു. ഇതിന്റെ രേഖകളും ഇവർ കാണിച്ചു. അതേസമയം ചെക്‌പോസ്റ്റിലുള്ള മൃഗസംരക്ഷവകുപ്പ് ഓഫീസിൽനിന്നുള്ള അനുമതി ലഭിച്ചിട്ടില്ല. തങ്ങളുടെ കണ്ണുവെട്ടിച്ചാകാം ഇവർ അതിർത്തികടന്നതെന്നാണ് മൃഗസംരക്ഷണവകുപ്പധികൃതർ പറയുന്നത്. 2023 ജനുവരി 16 വരെ പന്നികളെ കടത്താൻ പാടില്ലെന്നാണ് സർക്കാരിന്റെ ഉത്തരവ്.
വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ.
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
https://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj
https://profile.dailyhunt.in/mangalamdammedia
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.