ഉപ്പുമണ്ണുകാർക്ക് കുടിവെള്ളം വേണം, മുടക്കമില്ലാതെ.

മംഗലംഡാം: ഉപ്പുമണ്ണിലെ 12 വീട്ടുകാർ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെമുതൽ റോഡിലുള്ള കുടിവെള്ളപൈപ്പിനുസമീപം കാത്തിരിക്കും. കാത്തിരിപ്പ് ചിലപ്പോൾ മണിക്കൂറുകൾ നീളും.കഴിഞ്ഞ 15 വർഷമായി ഉപ്പുമണ്ണിലെ വീട്ടുകാർക്ക് വെള്ളംകിട്ടുന്നത് ഇങ്ങനെയാണ്. വേനലാകുമ്പോൾ സ്ഥിതി രൂക്ഷമാകും. പൈപ്പിലൂടെ വെള്ളം വരാതാകും. ഈ സമയത്ത് പഞ്ചായത്ത് ലോറിയിലെത്തിക്കുന്ന വെള്ളത്തിനായി കാത്തിരിക്കണം.കിഴക്കഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെടുന്ന പ്രദേശമാണ് ഉപ്പുമണ്ണ്. പറശ്ശേരിയിലുള്ള പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയിൽ നിന്നാണ് ഉപ്പുമണ്ണിലേക്ക് വെള്ളമെത്തിക്കുന്നത്.ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം. പദ്ധതിയുടെ അവസാനഭാഗമാണ് ഉപ്പുമണ്ണ് പ്രദേശം.രാവിലെ ആറിന് വെള്ളം പമ്പുചെയ്യാനാരംഭിക്കുമെങ്കിലും തുടക്കഭാഗത്തുള്ള വീട്ടുകാർ വെള്ളം പിടിച്ചുകഴിഞ്ഞ് ടാപ്പ് അടയ്ക്കുമ്പോഴെ ഉപ്പുമണ്ണിൽ വെള്ളമെത്തുകയുള്ളു. വെള്ളം വന്നുതുടങ്ങാൻ ചുരുങ്ങിയത് 10 മണിയെങ്കിലും ആകുമെന്ന് പ്രദേശവാസിയായ കുഴിക്കാട്ടിൽ കുര്യാച്ചൻ പറയുന്നു. ചിലപ്പോൾ 12 മണിവരെ കാത്തിരിക്കേണ്ടി വരും.അപ്പോഴേക്കും പമ്പിങ് നിർത്തേണ്ട സമയമാകും. അതേസമയം, കുടിവെള്ള കണക്ഷന്റെ പേരിൽ എല്ലാ മാസവും 100 രൂപ മുടക്കമില്ലാതെ വാങ്ങുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു.

WhatsApp

Dailyhunt
https://profile.dailyhunt.in/mangalamdammedia